2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

മോദി ധൃതരാഷ്ട്രര്‍, ബി.ജെ.പി ദുര്യോധനന്‍- വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അധികാരത്തില്‍ അന്ധനായിപ്പോയ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാഭാരതത്തിലെ ധൃതരാഷ്ട്രരെ പോലെയാണെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടേതാണ് പരാമര്‍ശം.  ബി.ജെ.പിയേയും മഹാഭാരത്തിലെ കഥാപത്രത്തോട് അദ്ദേഹം ഉപമിച്ചു. സാമുദായിക സൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ത്ത് അധികാരം നേടാന്‍ ശ്രമിക്കുന്ന ബി.ജെ.പി ദുര്യോധനനെ പോലെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
 
‘2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വികാരം ഉണര്‍ത്താനാണ് മോദിയും ബി.ജെ.പിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദു-മുസ്‌ലിം ധ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയിലെ മറ്റു നേതാക്കളുടെയും രോഗാതുരമായ മനഃസ്ഥിതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. മഹാഭാരതത്തിലെ അന്ധകഥാപാത്രമായ ധൃതരാഷ്ട്രരെപ്പോലെയാണ് മോദി. സാമുദായിക സൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ത്ത് അധികാരം നേടാന്‍ ശ്രമിക്കുന്ന ബി.ജെ.പി ദുര്യോധനനെ പോലെയാണ്’- സുര്‍ജേവാല പറഞ്ഞു.

മോദി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഗോഡ്‌സെയുടെ ആശയങ്ങള്‍ക്ക് ഒരിക്കലും ഗാന്ധിജിയുടെ ആശയങ്ങളെ തോല്‍പിക്കാനാകില്ല. കോണ്‍ഗ്രസിന്റെ മതം ഏതാണെന്നാണ് മോദി ചോദിക്കുന്നത്. കോണ്‍ഗ്രസിന്റെ മതം ഇന്ത്യയാണ്. ഇന്ത്യയിലെ ഓരോ പൗരനെയും ഓരോ മതത്തെയും ജാതിയെയും ഭാഷയെയും പ്രദേശത്തെയും കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നു സുര്‍ജേവാല പറഞ്ഞു

പശ്ചിമബംഗാളിലെ മിഡ്‌നപുരില്‍ സമ്മേളനത്തിനിടെ പന്തല്‍ തകര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടും അധികാരമോഹിയായ മോദി പ്രസംഗം തുടരുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്ത്, അസം, മഹാരാഷ്ട്ര എന്നീ പ്രദേശങ്ങളൊക്കെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുമ്പോഴും പ്രധാനമന്ത്രി സമ്മേളനങ്ങളുടെ തിരക്കിലാണെന്നും സുര്‍ജേവാല പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.