2018 May 16 Wednesday
വിട്ടുവീഴ്ച നല്ലൊരു കുടയായി ഉപയോഗിക്കാമെങ്കിലും ഒരു മേല്‍ക്കൂരയെന്ന നിലയില്‍ അതത്ര ഭദ്രമല്ല. അതൊരു താല്‍ക്കാലിക സംവിധാനമാണ്.
ഡോസ് റസ്സല്‍ ലവല്‍

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം പോകില്ല; സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോവും- സിദ്ധരാമയ്യ

ബംഗളൂരു: കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരണത്തിന് തടസമില്ലെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകുന്ന സാഹചര്യം ഇപ്പോഴില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. കോണ്‍ഗ്രസ് എം.എല്‍.എമാരെ പാളയത്തിലേക്ക് കൊണ്ടുപോകാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടാകാം. അത്തരം നീക്കങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ സാധ്യതകളും പാര്‍ട്ടി സ്വീകരിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നിയമനടപടി അടക്കമുള്ളവ കൈക്കൊള്ളുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ബി.ജെ.പിക്ക് ഒപ്പം ചേരുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ രംഗത്തു വന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരെ റാഞ്ചാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ തങ്ങളും കളിക്കുമെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.  എം.എല്‍.എമാരെ റാഞ്ചാന്‍ ബി.ജെ.പി നീക്കം നടത്തുന്നുവെന്ന വാര്‍ത്ത കോണ്‍ഗ്രസിലെ ലിംഗായത്ത് വിഭാഗവും  നിഷേധിച്ചു. പാര്‍ട്ടിയിലെ ലിംഗായത്ത് എം.എല്‍.എമാര്‍ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.  വ്യാജ  വാര്‍ത്തയാണിത്. കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുന്നതായും എം.എല്‍.എമാര്‍ പറഞ്ഞു.

അതിനിടെ, തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്വതന്ത്ര എം.എല്‍.എ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജെ.ഡി.എസ്, കോണ്‍ഗ്രസ് , ബി.ജെ.പി നിയമസഭാ കക്ഷികള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ജെ.ഡി.എസ്-കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അവരുടെ പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം ഒരുമിച്ച് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി വൈകിയും എച്ച്.ഡി.ദേവഗൗഡയും കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബെംഗളൂരു അശോക ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച

ബി.ജെ.പിയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഇന്ന് വീണ്ടും ഗവര്‍ണറെ കണ്ടേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ചൊവ്വാഴ്ച ഇരുപക്ഷവും ഗവര്‍ണറെ കണ്ടിരുന്നു.

 ആരും കേവലഭൂരിപക്ഷം നേടാത്തതിനാല്‍ ഗവര്‍ണറുടെ തീരുമാനമാണ് നിര്‍ണായകമാവുക. 117 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അവകാശപ്പെടുന്നത്. 104 സീറ്റുകള്‍ നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.