2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

‘എന്റെ കുഞ്ഞുമോള്‍ക്കെന്ത് ഹിന്ദുവും മുസ്‌ലിമും’-വിലപിക്കാന്‍ പോലുമാവാതെ ആസിഫയുടെ ഉപ്പ

ജമ്മു: പ്രതിഷേധച്ചൂടില്‍ തണുത്തുറഞ്ഞ ആ താഴ്‌വര തിളച്ചു മറിയുമ്പോള്‍ ആ മലഞ്ചെരുവിലുണ്ട് അയാള്‍. ആസിഫയുടെ ഉപ്പ മുഹമ്മദ് യൂസുഫ് പുജ്‌വാല. നെഞ്ചു പൊട്ടി ഒന്നു കരയാന്‍ പോലുമാവാതെ, വിറങ്ങലിച്ചു പോയിരിക്കുന്നു ആ മനസ്സ്. കൊത്തിപ്പറിച്ച ആ കുഞ്ഞുടല്‍ മാത്രമാണിപ്പോള്‍ മനസ്സില്‍. ആ ഇളം പൈതലനുഭവിച്ച നോവിന്റെ ആഴങ്ങളുടെ ഞെട്ടലിലാണ് അയാളിപ്പോഴും. പതിവു പോലെ വേനല്‍ക്കാലം ചിലവഴിക്കാന്‍ സഹോദരന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ആ കുടുംബം. യൂസുഫും ഭാര്യയും രണ്ടാണ്‍മക്കളും.  പക്ഷേ ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കാന്‍, കലപിലാന്ന് ഒച്ച വെക്കാന്‍ കുഞ്ഞു ആസിഫ അവരോടൊപ്പമില്ല ആ യാത്രയില്‍.

‘ഇടത്തെ കയ്യും വലത്തെ കയ്യും പോലും ശരിക്കറിയില്ലായിരുന്നു എന്റെ കുഞ്ഞുമോള്‍ക്ക്. പിന്നെ അവള്‍ക്കെന്ത് ഹിന്ദുവും മുസല്‍മാനും’- അദ്ദേഹം ചോദിക്കുന്നു. അവര്‍ക്ക് പ്രതികാരം തീര്‍ക്കാനായിരുന്നെങ്കില്‍ മറ്റാരോടെങ്കിലും ആവാമായിരുന്നില്ലേ…എന്തിനാണ് എന്റെ കുഞ്ഞിനെ തന്നെ അവര്‍ കൊണ്ടു പോയത്- അയാള്‍ നിസ്സഹായനാവുന്നു.  

തന്റെ രണ്ടു പെണ്‍മക്കളുടെ മരണശേഷം സഹോദരനില്‍ ദത്തെടുത്തതാണ് യൂസുഫ് ആസിഫയെ. തന്റെ വീടിന്റെ പ്രകാശമായിരുന്നു അവളെന്ന് യൂസുഫ് വിതുമ്പുന്നു. താനും ആണ്‍മക്കളും പുറത്തു പോവുമ്പോള്‍ ഭാര്യക്ക് കൂട്ടായിരുന്നു അവള്‍. കുതിരകളുള്‍പെടെ വളര്‍ത്തു മൃഗങ്ങളെ മേക്കാന്‍ പോവാന്‍ ഒത്തിരി ഇഷ്ടമായിരുന്നു അവള്‍ക്ക്. അവളെ അടുത്തുള്ള സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കണമെന്ന് തീരുമാനിച്ചതായിരുന്നു ഞങ്ങള്‍. അവളുടെ ഉമ്മയുടെ ശാഠ്യമായിരുന്നു അത്. അവളെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്നോ ടീച്ചറാക്കണമെന്നോ ആശിച്ചിട്ടില്ല. അങ്ങനത്തെ വലിയ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്കറിയില്ലായിരുന്നു. പഠിച്ചാല്‍ അവള്‍ക്കു നല്ലതല്ലേ ഐന്നു കരുതി. അവളുടെ കര്യത്തിനു നല്ലതാണ്. നന്നായി ജീവിക്കാം. സുന്ദിരയായതിനാല്‍ നല്ല ഭര്‍ത്താവിനേയും കിട്ടും. ഞങ്ങളുടെ കുഞ്ഞുമോള്‍ക്ക് ഇങ്ങനെ ഒരു ഗതി വരുമെന്ന് ഒരിക്കല്‍ പോലും ഓര്‍ത്തില്ല- യൂസുഫ് പറയുന്നു.


ആസിഫയെ ഒളിപ്പിച്ചിരുന്ന സ്ഥലം

താന്‍ എന്നും നടന്നു പോവുന്ന വഴിയരികിലെ ക്ഷേത്രത്തിനുള്ളില്‍ തന്റെ കുഞ്ഞുമോള്‍ കൊല്ലാക്കൊല ചെയ്യപ്പെടുകയാണെന്ന്് അറിഞ്ഞില്ല. പരിപാവനമായ ഒരിടത്ത് ഇങ്ങനെ ഒരു ക്രൂരത നടക്കുമെന്ന് ചിന്തിച്ചില്ല. മോളേയും അന്വേഷിച്ച് ചുറ്റുപാടും പാഞ്ഞു നടക്കുമ്പോള്‍ എന്റെ കണ്‍ദൂരത്ത് അവളെ കൊത്തപ്പറിക്കുന്നുണ്ടായിരുന്നല്ലോ ദൈവമേ എന്ന് ആ മനുഷ്യന്‍ ഒന്നു കരയാന്‍ പോലുമാവാതെ വിലപിക്കുന്നു.

ജനുവരി 17ന് പുലര്‍ച്ചെ യൂസുഫ് വീടിനു മുന്‍വശത്തിരിക്കുമ്പോള്‍ അയല്‍വാസികളിലൊരാള്‍ ഓടി വന്നാണ് വനത്തില്‍ നിന്നും എട്ടു വയസ്സുകാരിയുടെ മൃതദേഹം കിട്ടിയെന്നറിയിക്കുന്നത്. അത് ആസിഫയുടേത് തന്നെയാണെന്നും അയാള്‍ ഉറപ്പിച്ചു. നസീമയും യൂസുഫും വിവരമറിഞ്ഞ് കാട്ടിലേക്കോടി. ‘അവള്‍ ഒരുപാട് ഉപദ്രവിക്കപ്പെട്ടിരുന്നു. അവളുടെ കാലുകള്‍ ഒടിഞ്ഞിരുന്നു’ നസീമ ഓര്‍മ്മിക്കുന്നു. ‘അവളുടെ നഖങ്ങള്‍ കറുപ്പ് നിറമായിരുന്നു. നീലയും ചുവപ്പും നിറമുള്ള പാടുകള്‍ അവളുടെ കയ്യിലും വിരലിലുമുണ്ടായിരുന്നു.’

ആസിഫയുടെ കുടുംബം പൊലിസില്‍ പരാതിപ്പെട്ടു. എന്നാല്‍ പൊലിസ് അവരെ സഹായിക്കാന്‍ തയ്യാറായില്ല. ഏതെങ്കിലും പയ്യനോടൊപ്പം അവള്‍ ഓടിപ്പോയതായിരിക്കുമെന്ന് പൊലിസ് പരിഹസിക്കുന്നു. വിവരം പുറത്തായതോടെ നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിട്ടു. സഹികെട്ട് പൊലിസ് രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയമിക്കുകയായിരുന്നു.


നേരത്തെ ആ താഴ് വരയില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുപാട് സ്‌നേഹത്തില്‍ കഴിഞ്ഞിരുന്നുവെന്ന് യൂസുഫ് ഓര്‍ത്തെടുക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ മാറ്റം വന്നു തുടങ്ങിയിട്ട്. ഇപ്പോള്‍ പിടിക്കപ്പെട്ടവര്‍  പ്രദേശത്ത് വിദ്വേഷം പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും യൂസുഫ് ചൂണ്ടിക്കാട്ടി. പ്രദ്ശവാസികളായ മുസ്‌ലിങ്ങളെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തി ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കലായിരുന്നു ഇവരുടെ പണി. കന്നു കാലികളെ മോഷ്ടിക്കുമെന്നും മയക്കു മരുന്ന് വില്‍ക്കുന്നുവെന്നും പറഞ്ഞുണ്ടാക്കി. തങ്ങളുടെ കാലികള്‍ അവരുടെ കൃഷി നശിപ്പിക്കുന്നുവെന്നു പറഞ്ഞു. തങ്ങള്‍ ഇവിടെ താമസിക്കുന്നത് അവര്‍ക്കി ഭീഷണിയാണെന്ന ധാരണയുണ്ടാക്കി. തങ്ങളെ വഴി നടക്കാന്‍ പോലും ഇവര്‍ സമ്മതിക്കാറില്ലായിരുന്നുവെന്ന് യൂസുഫ് വെളിപെടുത്തുന്നു.

അവര്‍ തങ്ങളെ അടിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കി. ഫൈന്‍ അടപ്പിച്ചു. ഒരു പാട് ദ്രോഹിച്ചു. ഇത്രയൊക്കെ ചെയ്യുമെന്നേ കരുതിയുള്ളു. ഇങ്ങനെ ഒരു ക്രൂരത ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. എല്ലാത്തിന്റേയും സൂത്രധാരന്‍ സഞ്ജിറാം ആണെന്നും യൂസുഫ് കുറ്റപ്പെടുത്തുന്നു.

ദൈവത്തിന്റെ കോടതിയാണ് ഏറ്റവും വലുത്. അവിടെ എല്ലാവരും വിചാരണ ചെയ്യപ്പെടും. അല്ലാഹുവാണ് അവസാനം വിധി പറയുന്നവന്‍- യൂസുഫ് പറഞ്ഞു.

മകളുടെ കേസന്വേഷിച്ചവര്‍ക്ക് യൂസുഫ് നന്ദി പ്രകാശിപ്പിച്ചു. പതിവു പോലെ വേനല്‍ക്കാലം കഴിഞ്ഞാല്‍ കുഞ്ഞുമോളുടെ ഓര്‍മകള്‍ ഉറങ്ങിക്കിടക്കുന്ന മണ്ണിലേക്ക് തിരിച്ചു വരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.