2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

ഇനി സിനിമയിലേക്കില്ല, മുഴുസമയ രാഷ്ട്രീയപ്രവര്‍ത്തകനാവാന്‍ കമല്‍

ബോസ്റ്റണ്‍:  മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു കച്ചകെട്ടി തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍. പുതുതായി സിനിമകളൊന്നും ഏറ്റെടുക്കില്ലെന്നാണ് താരത്തിന്റെ പ്രഖ്യാപനം. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണു തന്റെ തീരുമാനമെന്നും കമല്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈ മാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു താന്‍ കരുതുന്നില്ലെന്നായിരുന്നു മറുപടി.

അദ്ദേഹം പറഞ്ഞു. നീതിപൂര്‍വകമായ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണു തന്റെ ആഗ്രഹം. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വര്‍ഷമായി താന്‍ സന്നദ്ധപ്രവര്‍ത്തക മേഖലയിലുണ്ടായിരുന്നു. ഈ 37 വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകരെയാണു താന്‍ നേടിയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

’37 വര്‍ഷങ്ങളായി ഇവരെല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു. 250 വക്കീലന്മാരടക്കം യുവാക്കളായ ഒട്ടേറെപ്പേര്‍ക്കൊപ്പമാണു ഞങ്ങളും സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. പണം സമ്പാദിക്കുന്നതിനല്ല താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. ഒരു നടനായി മാത്രം ജീവിച്ചു മരിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണു താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ജനങ്ങളെ സേവിച്ചു കൊണ്ടായിരിക്കും തന്റെ മരണം. അക്കാര്യത്തില്‍ തനിക്കു തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്’ -അദ്ദേഹം വ്യക്തമാക്കി.

തന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കുമെന്നു പറഞ്ഞ കമല്‍  കാവി നിറം വ്യാപിക്കുന്നതില്‍ അങ്ങേഅറ്റം ആശങ്ക പ്രകടിപ്പിച്ചു. ദ്രാവിഡന്‍ സംസ്‌കാരത്തേയും കറുത്തവരെയും പ്രതിനിധാനം ചെയ്യുന്നതായിരിക്കും തന്റെ രാഷ്ട്രീയത്തിലെ കറുപ്പ്. തമിഴരെ സംബന്ധിച്ച് കറുപ്പൊരു മോശം നിറമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെപി.യുമായി ഒരിക്കലും കൈകോര്‍ക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി. രജനീകാന്തിന്റെ രാഷ്ട്രീയം കാവിനിറത്തില്‍ അധിഷ്ഠിതമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.