2018 May 27 Sunday
ഒരു നന്‍മ അറിയിച്ചുകൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെപ്പോലെയാണ്
മുഹമ്മദ് നബി (സ)

കശ്മീരില്‍ മരിച്ചു വീഴുമ്പോഴും മുസ്‌ലിംകളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നു

ഹൈദരാബാദ്: മുസ്‌ലിംകളുടെ ദേശസ്‌നേഹം രാജ്യത്ത് ചോദ്യംചെയ്യപ്പെടുന്നതിനെതിരെ ശക്തമായ വിമര്‍ശനവുമായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കശ്മീരില്‍ മുസ് ലംകള്‍ മരിച്ചു വിഴുമ്പോഴും രാജ്യത്ത് മുസ്‌ലിംകളുടെ ദേശ സ്‌നേഹം ചോദ്യം ചെയ്യപ്പെടുകയാണ്- ഉവൈസി ചൂണ്ടിക്കാട്ടി.

ഒമ്പതുമണിക്ക് ചാനല്‍ ചര്‍ച്ചകളിലെത്തുന്നവര്‍ രാജ്യത്തെ മുസ്‌ലിംകളുടെ  ദേശസ്‌നേഹമാണ് ദേശീയവാദികള്‍ ചര്‍ച്ച ചെയ്യുന്നത്. കശ്മീരില്‍ എത്രയോ മുസ്‌ലിംകള്‍ മരിച്ചു വീഴുന്നു. എന്തുകൊണ്ടാണ് ആരും അതേകുറിച്ചു സംസാരിക്കാത്തത് – ഉവൈസി ചോദിച്ചു.

സിന്‍ജുവാനിലെ പാക് ആക്രമണത്തില്‍ അഞ്ച് മുസ്‌ലിംകളാണ് ജീവന്‍ വെടിഞ്ഞത്. ഇത് രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന ദേശീയവാദികള്‍ക്കുള്ളഓര്‍മപ്പെടുത്തലാണെന്നും  അദ്ദേഹം വ്യക്തമാക്കി.

ഇത് ആദ്യത്തെ പാക് ആക്രമണമല്ലെന്ന പറഞ്ഞ അദ്ദേഹം നാം ഇതില്‍ നിന്ന് പാഠം പഠിപ്പിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഉറിയില്‍ നിന്നും പത്താന്‍കോട്ടില്‍ നിന്നും പാഠമുള്‍ക്കൊണ്ടില്ല. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാറിന്റെ ഉത്തരവാദിത്തം എവിടെയാണെന്നറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശ യാത്ര കഴിഞ്ഞെത്തിയിട്ടും പ്രധാനമന്ത്രി പാക് ആക്രമണങ്ങളെ കുറിച്ച് ട്വീറ്റ് ചെയ്യുകപോലും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ സൈന്യത്തിനെതിരായ പരാമര്‍ശത്തെയും ഉവൈസി വിമര്‍ശിച്ചു. ഭഗവത് അതിര്‍ത്തിലെത്തി സൈന്യത്തെ നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ പാക് അതിര്‍ത്തിയില്‍ സൈന്യം മൂന്നു മാസം കൊണ്ടു ചെയ്യുന്നത് ആര്‍.എസ്.എസ് മൂന്നു ദിവസം കൊണ്ട് ചെയ്യുമെന്ന് ഭഗവത് കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമെത്തി സൈന്യത്തെ നയിക്കണം. എങ്ങനെയാണ് ആര്‍.എസ്.എസുകാരെയും ഇന്ത്യന്‍ സൈന്യത്തെതയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയുന്നതെന്നും ഉവൈസി ചോദിച്ചു.

എങ്ങനെയാണ് ഒരു സാംസ്‌കാരിക സംഘടനക്ക് അവരുടെ പ്രവര്‍ത്തകരെ സൈന്യത്തിനു സമാനമായി പരിശീലിപ്പിക്കാന്‍ കഴിയുന്നത്.  ആര്‍.എസ്.എസ് പ്രവര്‍ത്തകരെ എന്നല്ല, ഏതു സംഘടനാ പ്രവര്‍ത്തകരെയും ഇന്ത്യന്‍ സൈന്യവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഭഗവതിന്റെ പ്രസ്താവന ആഴത്തില്‍ പരിശോധിക്കേണ്ടതാണെന്നും ഉവൈസി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.