2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പെട്ടിയില്‍ ഒളിപ്പിച്ചയാള്‍ പിടിയില്‍

ന്യൂഡല്‍ഹി:  ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പെട്ടിയില്‍ ഒളിപ്പിച്ചയാള്‍ പിടിയില്‍. കുട്ടിയുടെ അയല്‍വാസിയായ അവദേശ് സാക്യയാണു പിടിയിലായത്. 37 ദിവസങ്ങള്‍ക്കു ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ജനുവരി ഏഴിനു വൈകിട്ടാണ് ഉത്തര ഡല്‍ഹിയിലെ നാഥുപുരയില്‍നിന്ന് ആശിഷ് എന്ന ഏഴുവയസ്സുകാരനെ കാണാതായത്. 5.15ന് അമ്മാവന്റെ വീട്ടില്‍നിന്ന് ഇറങ്ങിയ ആശിഷ് 5.17ന് സാക്യയുടെ വീടിനു മുന്നില്‍ എത്തിയതായി സിസിടിവിയില്‍നിന്നു കണ്ടെത്തിയിരുന്നു. പിന്നീടാണു കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്. കുട്ടിയെ കണ്ടെത്താനും പൊലിസില്‍ പരാതി നല്‍കുന്നതിനും മുന്‍പന്തിയില്‍ നിന്നിരുന്നത് സാക്യയായിരുന്നു.

ഉത്തരപ്രദേശിലെ ഇറ്റാ സ്വദേശിയായ സാക്യ, താന്‍ സിവില്‍ സര്‍വീസിനു തയാറെടുക്കുകയാണെന്നും മൂന്നു തവണ പരീക്ഷ എഴുതിയിരുന്നുവെന്നുമാണ് പൊലിസിനോട് പറഞ്ഞത്. അതേസമയം, സി.ബി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നായിരുന്നു ഇയാള്‍ ആശിഷിന്റെ കുടുംബത്തോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.

ആശിഷിനെ കാണാതായപ്പോള്‍ തനിക്ക് സി.ബി.ഐയിലെ ഉദ്യോഗസ്ഥരെ പരിചയമുണ്ടെന്നും അന്വേഷണം അങ്ങോട്ടുമാറ്റാമെന്നും സാക്യ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ചിന്റെ സ്‌പെഷല്‍ സെല്ലിന്റെയും സഹായം തേടാമെന്നും ഇയാള്‍ ഉറപ്പുനല്‍കിയിരുന്നതായി. ആശിഷിന്റെ കരണ്‍ സൈനി പിതാവ് പറഞ്ഞു.

സമീപവീടുകളില്‍ പൊലിസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പൊലിസിനെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സാക്യ ശ്രമിച്ചു. പൊലിസ് പോകുന്നതുവരെ വീട്ടില്‍നിന്നു മാറാതെ നില്‍ക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ കരണ്‍ സൈനി ഇയാളുടെ വീട്ടില്‍ ചെന്നിരുന്നു. ദുര്‍ഗന്ധമുയരുന്നതിന്റെ കാര്യം ചോദിച്ചപ്പോള്‍ എലി ചത്തതിന്റെയാണെന്നാണു പറഞ്ഞത്. എയര്‍ ഫ്രഷ്‌നര്‍ അടിച്ച് ദുര്‍ഗന്ധം മാറ്റുകയും ചെയ്തു- സൈനി പറയുന്നു.

വീട്ടില്‍നിന്നുള്ള ദുര്‍ഗന്ധം എലി ചത്തതിന്റെയാണെന്നു തെളിയിക്കുന്നതിനായി സാക്യ മനഃപ്പൂര്‍വം എലികളെ കൊല്ലുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. പത്തോളം പെര്‍ഫ്യൂം കാനുകളും ബോട്ടിലുകളുമാണ് ഇയാളുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്. ആശിഷിന്റെ കുടുംബം തന്നെ അധിക്ഷേപിക്കാറുണ്ടായിരുന്നെന്നു പിടിയിലായ സാക്യ പറഞ്ഞു. എന്നാല്‍ കുട്ടിയുടെ കുടുംബം ആരോപണം നിഷേധിച്ചു. മുന്തിയ ഇനം വാഹനം വാങ്ങുന്നതിനുള്ള മാര്‍ഗമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നാണ് പൊലിസിന്റെ നിഗമനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.