2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

തര്‍ക്കത്തിനിടെ ആര്‍.ബി.ഐ ഗവര്‍ണര്‍ പ്രധാനമന്ത്രിയെ കണ്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. നവംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരേയും ഊര്‍ജിത് പട്ടേല്‍ കണ്ടതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ആര്‍.ബി.ഐയും കേന്ദ്ര ധനകാര്യ മന്ത്രാലയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി നടക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് വായ്പാ പദ്ധതി വിഷയവും ചര്‍ച്ചയായതായാണ് വിവരം. ചില ബാങ്കുകളുടെ ഇടപാടുകളെ സംബന്ധിച്ചുള്ള വിലയിരുത്തലുമുണ്ടായി. വായ്പ നല്‍കുന്നതില്‍ നിന്ന് പതിനൊന്നോളം ബാങ്കുകളെ ആര്‍.ബി.ഐ തടഞ്ഞിരുന്നു. വായ്പ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനും ആര്‍.ബി.ഐക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ട്.

അടുത്ത തിങ്കളാഴ്ച റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തോടെ സര്‍ക്കാരിന്റെ അതൃപ്തി നേരിടുന്ന ഊര്‍ജിത് പട്ടേല്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.