2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ദബോല്‍ക്കര്‍ വധക്കേസിലും സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്കെതിരേ ഭീകരപ്രവര്‍ത്തന കുറ്റം

  • ദബോല്‍ക്കര്‍ വധം ഭീകരപ്രവര്‍ത്തനമാണെന്ന് സി.ബി.ഐ

 

ന്യൂഡല്‍ഹി: പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായിരുന്ന നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്തിയ കേസിലും തീവ്ര ഹിന്ദുത്വസംഘടന സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്കെതിരേ സി.ബി.ഐ ഭീകരപ്രവര്‍ത്തനകുറ്റം ചുമത്തി. സംഘടിത കുറ്റകൃത്യം തടയല്‍ നിയമ(യു.എ.പി.എ) ത്തിനു കീഴിലെ 15 (ഭീകരപ്രവര്‍ത്തനം), 16 (ഭീകരപ്രവവര്‍ത്തനഫലമായി കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇക്കാര്യം അറിയിച്ച് അന്വേഷണചുമതലയുള്ള സി.ബി.ഐ ഉദ്യോഗസ്ഥന്‍ എസ്.ആര്‍ സിങ് പൂനെയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജഡ്ജി എസ്.എം.എ സയ്യിദിനു മുന്‍പാകെ റിപ്പോര്‍ട്ട് നല്‍കി. സംഘപരിവാരം ആസൂത്രണംചെയ്തു നടപ്പാക്കിയ മലേഗാവ് കേസില്‍ അടുത്തിടെ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്കെതിരേ ഭീകരപ്രവര്‍ത്തനം കുറ്റംചുമത്തിയതിനു പിന്നാലെയാണ് മറ്റൊരുകേസില്‍ കൂടി സംഘടനാ പ്രവര്‍ത്തകര്‍ അതേ കുറ്റം ചുമത്തപ്പെടുന്നത്.

കേസില്‍ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. അഞ്ചുപേര്‍ കഴിഞ്ഞ ആഗസ്ത്, സപ്തംബറിലും ഒരാള്‍ 2016 ജൂണിലും പിടിയിലായി. കൊലപാതകം ആസൂത്രണംചെയ്ത ശിശുരോഗ വിദഗ്ധനും സനാതന്‍ സന്‍സ്ത നേതാവുമായ ഡോ. വിജേന്ദ്ര തവ്‌ദെയാണ് ജൂണില്‍ അറസ്റ്റിലായത്. ദബോല്‍ക്കര്‍ക്കു നേരെ നിറയൊഴിച്ച സച്ചിന്‍ അന്ദൂറെ, ശരത് കലാസ്‌കര്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അമോല്‍ കലെ, അമിത് ദിഗ്വേകര്‍, രാജേഷ് ബങ്കേര എന്നിവരാണ് അറസ്റ്റിലുള്ള മറ്റുപേര്‍. അറസ്റ്റിലായവര്‍ സനാതന്‍ സന്‍സ്ത ഉള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും ബംഗളൂരിവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷ്, എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതക്കേസില്‍ ആരോപണവിധേയരുമാണ്. ഈ കൊലകള്‍ക്കു പിന്നിലെല്ലാം ഒരേസംഘം തന്നെയാണെന്നു നേരത്തെ എസ്.ഐ.ടി കണ്ടെത്തിയിരുന്നു.

2015 ആഗസ്തില്‍ കല്‍ബുര്‍ഗിയെ കൊലപ്പെടുത്താനുപയോഗിച്ച അതേ തോക്ക് തന്നെയാണ് ഗൗരി ലങ്കേഷിനെതിരേയും ഉപയോഗിച്ചതെന്നു ഫോറന്‍സിക് വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേവര്‍ഷം ഫെബ്രുവരിയില്‍ ഇടതുപക്ഷ ചിന്തകന്‍ ഗോവിന്ദ് പന്‍സാരയെയും 2013 ആഗസ്തില്‍ നരേന്ദ്ര ദബോല്‍ക്കറെയും കൊലപ്പെടുത്താനും ഇതേ 7.65 നാടന്‍ തോക്ക് തന്നെയാണ് ഉപയോഗിച്ചത്. 2009ലെ ഗോവാ സ്‌ഫോടനക്കേസിലെ പ്രതികളായ സാരങ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരും ദബോല്‍ക്കര്‍ കേസിലെ പ്രതികളാണ്. സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ ഇരുവരും ഒളിവില്‍ കഴിയുകയാണെന്നാണ് പൊലിസ് പറയുന്നത്. സാരങ് അകോല്‍ക്കറുമായി നടത്തിയ ഈമെയില്‍ സംഭാഷണങ്ങളാണ് ദബോല്‍ക്കര്‍ വധക്കേസില്‍ വിജേന്ദ്ര തവ്‌ദെയെ കുടുക്കിയത്. 2009ലെ ഗോവ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പൂനെ സ്വദേശിയും എന്‍ജിനീയര്‍ ബിരുദധാരിയുമായ അകോല്‍ക്കറിനെതിരേ രാജ്യാന്തര പൊലിസായ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

2013 ആഗസ്ത് 20ന് പൂനെയില്‍വച്ചാണ് നരേന്ദ്ര ദോബല്‍ക്കറെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവച്ചു കൊന്നത്. പ്രതികളുടെ വിശ്വാസത്തെയും ആശയത്തെയും എതിര്‍ത്തതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് സി.ബി.ഐ വ്യക്തമാക്കി. ഇത് ഭീകരപ്രവര്‍ത്തനമല്ലാതെ മറ്റൊന്നുമല്ല. സമൂഹത്തില്‍ ഭീകരത വിതയ്ക്കുകയാണ് പ്രതികള്‍. ഇരകളുടെ ആളുകള്‍ നടത്തിയ പ്രതിഷേധപരിപാടികളില്‍ പോലും ഇവര്‍ കുഴപ്പംസൃഷ്ടിച്ചു. ക്രിമിനല്‍ ഗൂഢോദ്യേശത്തോടെയാണ് ഇവര്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തതെന്നും പൂനെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ അറിയിച്ചു. വിരേന്ദ്ര തവ്‌ദെക്കെതിരേ നേരത്തെ ഐ.പി.സിയെ 120 ബി(ക്രിമിനല്‍ ഗൂഢാലോചന), 302 (കൊലപാതകം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. യു.എ.പി.എ ചുമത്തിയതോടെ പ്രതികള്‍ക്കെതിരേ അധികകുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐക്കു 90 ദിവസം കൂടി ലഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News