2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ഉന്നാവോ കേസ്: പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍, ബി.ജെ.പി എം.എല്‍.എ കസ്റ്റഡിയില്‍

ലഖ്‌നൗ: യു.പിയിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ ഒടുവില്‍ യു.പി സര്‍ക്കാര്‍ മുട്ടു മടക്കി.

കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍എ കുല്‍ദീപ് സിങ് സെംഗറിനെ കസ്റ്റഡിയിലെടുത്തു.  ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ലക്‌നൗവിലെ വീട്ടില്‍ നിന്നും എം.എല്‍.എയെ സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിയില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് നടപടി. കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അലഹബാദ് ഹൈക്കോടതി രൂക്ഷ വിമര്‍ശനവുമുയര്‍ത്തിയിരുന്നു.
വന്‍ തോതിലുള്ള പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. സംഭവത്തില്‍ ഉന്നാവോയിലെ സെംഗര്‍, മാഖി എന്നീ പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളാണ് സി.ബി.ഐ ഏറ്റെടുത്തിരിക്കുന്നത്.

ഉന്നാവോയില്‍ പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ആദ്യ പരാതി ലഭിച്ചത് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു. യുവതി തന്നെയാണ് പരാതി നല്‍കിയത്. ഒമ്പത് മാസത്തോളമായി തനിക്ക് എവിടെനിന്നും നീതി ലഭിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. നീതി കിട്ടിയില്ലെന്നാരോപിച്ച് ഞായറാഴ്ച പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തു.

തുടര്‍ന്ന് സര്‍ക്കാര്‍ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഈ സംഘം ബുധനാഴ്ച രാത്രി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ഡിവിഷന്‍ ബെഞ്ച്  കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.