2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

കത്‌വ ബലാത്സംഗക്കൊലക്കു പിന്നില്‍ പാകിസ്താന്‍- ബി.ജെ.പി എം.പിയുടെ കണ്ടെത്തല്‍

ഭോപാല്‍: എട്ടു വയസ്സുകാരിയെ അതിക്രൂരമായ ബലാത്സംഗം ചെയ്തു കൊന്ന സംഭവം രാജ്യത്തെ മുഴുവന്‍ പ്രതിഷേധച്ചൂളയിലെരിക്കുമ്പോള്‍ പുതി കണ്ടെത്തലുമായി മധ്യപ്രദേശ് ബി.ജെ.പി നേതാവും എം.പിയുമായ നന്ദകുമാര്‍ സിങ് ചൗഹാന്‍. അതിവിചിത്രമായ ഒരു കെട്ടുകഥയുമായാണ് എം.പി രംഗത്തെത്തിയിരിക്കുന്നത്.

കത് വയില്‍ സംഭവിച്ചതിനു പിന്നില്‍ പാകിസ്താനാണ്. കശ്മീരിലെ ഹിന്ദു ജനസംഖ്യ ഒരു ശതമാനം പോലും ഇല്ല.സിങ് ചൗഹാന്‍ പറഞ്ഞു. രാജ്യത്ത് ഭിന്നതയുണ്ടാക്കാന്‍ അക്രമികള്‍ ജയ് ശ്രീറാം എന്ന മുദ്രാവാക്യം പോലും വിളിച്ചെന്നും ഇയാള്‍ ചൂണ്ടിക്കാട്ടുന്നു.

ഏതാാലും എം.പിയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. രാജ്യത്ത് ഇത്രയും ക്രൂരമായ സംഭവം നടന്നിട്ട് പ്രധാനമന്ത്രി ഉള്‍പെടെയുള്ള ബി.ജെ.പി പ്രമുഖരൊന്നും പ്രതികരിച്ചിട്ടില്ല. വിദേശകാര്യ സഹമന്ത്രി വി.കെ സിങ് മാത്രമാണ് ഇതില്‍ പ്രതികരിച്ചത്. ഒരു കുട്ടിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ മനുഷ്യരെന്ന നിലയില്‍ നാം പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

 ജനുവരി 10ന് കത്‌വ ജില്ലയിലെ രസാനയില്‍നിന്നു കാണാതായ ആസിഫയെ ദിവസങ്ങള്‍ക്കുശേഷം തെരുവില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ആ പിഞ്ചുബാലിക എത്രത്തോളം വേദനയിലൂടെയാണു കടന്നുപോയതെന്നു വെളിപ്പെടുന്നത്.

താമസസ്ഥലത്തിനടുത്ത് കുതിരയെ മേയ്ക്കുന്നതിനിടെ ഒരാളെത്തി കുതിരയെ കാണാതായെന്നു പറഞ്ഞു പെണ്‍കുട്ടിയെ കാട്ടിനകത്തേക്കു കൊണ്ടുപോയി. ഇവിടെനിന്നു പെണ്‍കുട്ടിയെ മയക്കി തട്ടിയെടുത്തു. സമീപത്തെ ക്ഷേത്രത്തില്‍ പാര്‍പ്പിച്ചു കൂട്ടമാനഭംഗം നടത്തി. ജനുവരി 14ന് കല്ലുകൊണ്ട് തലയ്ക്കിടിച്ചു മരണം ഉറപ്പാക്കി. ജനുവരി 17നു ക്ഷേത്രത്തിന് അധികം അകലെയല്ലാത്ത സ്ഥലത്തു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കല്ലുകൊണ്ട് അടിച്ചുകൊല്ലുന്നതിനുമുന്‍പ് അതിലൊരാള്‍ പറഞ്ഞത്രേ, തനിക്ക് ഒരിക്കല്‍ക്കൂടി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തണമെന്ന്. കൂട്ടമാനഭംഗത്തിന് ഒത്താശ ചെയ്തുകൊടുത്ത പൊലിസുകാരനാണ് ഇങ്ങനെ പറഞ്ഞത്.
ഇയാള്‍ക്കുപിന്നാലെ മറ്റുള്ളവരും പെണ്‍കുട്ടിയെ വീണ്ടും മാനഭംഗപ്പെടുത്തി. റവന്യൂജീവനക്കാരനായ സഞ്ജിറാമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.