2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

ജയ ബച്ചനെതിരായ പരാമര്‍ശം: നരേഷിനെതിരെ വിമര്‍ശനവുമായി സുഷമയും സ്മൃതിയും

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന് മിനുട്ടുകള്‍ക്കകം സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വെട്ടിലായി സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് നരേഷ് അഗര്‍വാള്‍.  ജയ ബച്ചനെ ബോളിവുഡിലെ നൃത്തക്കാരിയെന്ന് വിശേഷിപ്പിച്ചതാണ് നരേഷിനെ വെട്ടിലാക്കിയത്. നരേഷിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജും സ്മൃതി ഇറാനിയും രംഗത്തെത്തി.

ബി.ജെ.പിയില്‍ ചേര്‍ന്നത് സ്വാഗതാര്‍ഹമെങ്കിലും  ജയാ ബച്ചനെ നൃത്തക്കാരി എന്ന് വിശേഷിപ്പിച്ചത് അസംബന്ധമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ ചെയ്തു. അത്തരത്തിലുള്ള കമന്റ് അനുചിതമായിപ്പോയെന്നും അത് സ്വീകാര്യമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകളെ അപമാനിച്ചാല്‍ പാര്‍ട്ടിക്കതീതമായി ഒന്നിച്ചു നിന്ന് പ്രതികരിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.

ജയബച്ചന് രാജ്യസഭ സീറ്റ് നല്‍കിയ സമാജ് വാദിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജ്യസഭാംഗമായ നരേഷ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സമാജ് വാദി പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശ് നിയമസഭയില്‍ 47 എം.എല്‍.എമാരാണുള്ളത്. അതിനാല്‍ ഒരാളെ മാത്രമെ സമാജ് വാദി പാര്‍ട്ടിക്ക് ജയിപ്പിക്കാനാകൂ. തനിക്ക് സീറ്റ് നല്‍കാതെ ജയ ബച്ചന് നല്‍കിയതാണ് അഗര്‍വാളിനെ ചൊടിപ്പിച്ചത്.

ആരെയും വിഷമിപ്പിക്കാനല്ല, പറഞ്ഞതെന്ന് നരേഷ് അഗര്‍വാള്‍ പിന്നീട് പ്രതികരിച്ചു. അഗര്‍വാളിന്റെ മകനും എം.എല്‍.എയുമായ നിതിന്‍ അഗര്‍വാളും ബി.ജെ.പിയില്‍ ചേരും.

അതേസമയം, നരേഷ് അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടി രാജ്യസഭാ സീറ്റ് നിഷേധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.