2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ജയ ബച്ചനെതിരായ പരാമര്‍ശം: നരേഷിനെതിരെ ബി.ജെ.പി നടപടിയെടുക്കണമെന്ന് അഖിലേഷ്

ന്യൂഡല്‍ഹി: ജയ ബച്ചനെതിരെ മോശം പരാമര്‍ശം നടത്തിയ നരേഷ് അഗര്‍വാളിനെതിരെ ബി.ജെ.പി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.  

അഗര്‍വാളിന്റെ പരാമര്‍ശം മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതാണ്. ബി.ജെ.പി സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അഗര്‍വാളിനെതിരെ നടപടി സ്വീകരിക്കണം- അഖിലേഷ് പറഞ്ഞു. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് രാജ്യസഭാ സീറ്റ് നല്‍കാതെ എസ്.പി അത് ബോളിവുഡ് സിനിമകളിലെ ആട്ടക്കാരിക്ക് നല്‍കിയെന്നായിരുന്നു നരേഷിന്റെ പരാമര്‍ശം. രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

നരേഷിനെതിരെ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും നേരത്തെ രംഗത്തെത്തിയിരുന്നു.  നരേഷ് ബി.ജെ.പിയിലേക്ക് വരുന്നത് സ്വാഗതാര്‍ഹമാണെങ്കിലും ജയാ ബച്ചനെ കുറിച്ചുള്ള പരാമര്‍ശം അനുചിതവും അംഗീകരിക്കാനാകാത്തതുമാണെന്ന് സുഷമ സ്വരാജും സ്ത്രീകളെ അപമാനിച്ചാല്‍ അതിനെതിരെ രാഷ്ട്രീയം നോക്കാതെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കുമെന്ന് സ്മൃതി ഇറാനിയും ട്വീറ്റ് ചെയ്തിരുന്നു.

പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാക്കളില്‍ നിന്നു തന്നെ രൂക്ഷമായി വിമര്‍ശനം ഏറ്റുവാങ്ങിയതോടെ മാപ്പു പറഞ്ഞു നരേഷും രംഗത്തെത്തി.  തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ താനത് പിന്‍വലിക്കുന്നു. താന്‍ പറഞ്ഞതെന്തെങ്കിലും മറ്റുള്ളവരെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു നരേഷിന്റെ പ്രതികരണം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.