2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

എഞ്ചിന്‍ തകരാറ്; ഇന്‍ഡിഗോയും ഗൊ എയറും 65 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി, യാത്രക്കാര്‍ വലഞ്ഞു

ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാറുകളെ തുടര്‍ന്ന്  ഇന്‍ഡിഗോയും ഗൊ എയറും 65 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. ഇന്‍ഡിഗോ, ഗോഎയര്‍ കമ്പനികളുടെ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പറക്കല്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇന്‍ഡിഗോ മാത്രം ചുരുങ്ങിയത് 47 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ഗോ എയര്‍ 18 സര്‍വീസുകളാണ് റദ്ദാക്കിയത്.

11 എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ അടിയന്തിരമായി നിലത്ത് ഇറക്കി. നടപടി നൂറുകണക്കിന് യാത്രക്കാരെയാണ് വലച്ചത്. ആകെ 90 ഓളം വിമാന സര്‍വീസുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്.

വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. പലതും കണക്ഷന്‍ ഫ്‌ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി.

ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു,പട്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ശ്രീനഗര്‍, ഗുവാഹത്തി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലേക്കുള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. പകരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ലെന്നാണ് യാത്രക്കാര്‍ പ്രതികരിച്ചത്.

അതിനിടെ, കമ്പനികളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അടിയന്തരമായിത്തന്നെ സാഹചര്യം പരിശോധിക്കുമെന്നും ഡി.ജി.സി.എ. പത്രക്കുറിപ്പില്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.