2018 February 20 Tuesday
ഭൂമിയില്‍ കഴിയുന്നതിന് ഞാന്‍ നല്‍കുന്ന വാടകയാണ് സാമൂഹ്യപ്രവര്‍ത്തനം
ആലീസ് വാക്കര്‍

മുസഫര്‍നഗര്‍ കലാപം: ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ മജിസ്‌ട്രേറ്റ്

മുസഫര്‍നഗര്‍(ഉത്തര്‍പ്രദേശ്): മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാനുള്ള യാഗി ആദ്ത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജില്ലാ മജിസ്‌ട്രേറ്റ്. ഉത്തര്‍പ്രദേശ് മന്ത്രിയായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍, എം.പിയായ ബര്‍തേന്ദു സിങ്, എം.എല്‍.എയായ ഉമേഷ് മാലിക്, ബി.ജെ.പി നേതാവ് സാധ്വി പ്രാചി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട പത്ത് കേസുകള്‍ കുറ്റപത്രം സമര്‍പ്പിച്ച് കോടതിയുടെ പരിഗണനയിലാണ്. പ്രത്യേക അന്വേഷണ സംഘം കലാപത്തില്‍ ഇപ്പോഴും അന്വേഷണം നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിക്കരുതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സംസ്ഥാന നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു. ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയ രണ്ടു കത്തുകളിലായി പൊതു താത്പര്യാര്‍ത്ഥം കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് നീതിന്യായ വകുപ്പ് വിശദീകരണം തേടിയിരുന്നു.

നിരോധാജ്ഞ ലംഘിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ജനജീവിതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കേസുകളിലാണ് ഇവര്‍  കുറ്റക്കാരായിട്ടുള്ളത്. കൂടാതെ  2013 ആഗസ്തില്‍ നടന്ന മഹാപഞ്ചായത്തില്‍ ഇവര്‍ പങ്കെടുക്കുകയും ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

2013 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായി ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നടന്ന കലാപത്തില്‍ 60ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. കൂടാതെ, 40000ഓളം പേര്‍ക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടിവന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.