2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

സത്യം ഉച്ചത്തില്‍ വിളിച്ചു പറയണം- #MeToo വിനെ പിന്തുണച്ച് രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെയടക്കം പിടിച്ചുലച്ച #MeToo ക്യാംപയിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാറ്റം കൊണ്ടുവരാന്‍ സത്യം ഉറക്കെ വ്യക്തമായി വിളിച്ചു പറയുക തന്നെയാണ് വേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്ര മന്ത്രി എം.ജെ അക്ബറുള്‍പെടെ നിരവധി പ്രമുഖര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചരിയത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്.

‘സ്ത്രീകളെ ബഹുമാനിക്കാനും അവരോട് അന്തസ്സോടെ പെരുമാറാനും എല്ലാവരും പഠിക്കുന്ന സമയമാണ്. അങ്ങനെ ചെയ്യാത്തവര്‍ക്കുള്ള ഇടം അടച്ചിട്ടിരിക്കുന്നു എന്നതില്‍ ഞാന്‍ സന്തോഷവാനാണ്. മാറ്റം കൊണ്ടുവരാന്‍ സത്യത്തെ ഉച്ചത്തില്‍ വ്യക്തമായി വിളിച്ചുപറയണം’- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അതിനിടെ, വനിതാ മാധ്യമപ്രവര്‍ത്തകരുടെ ലൈംഗികാതിക്രമ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിനെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. യാത്ര വെട്ടിച്ചുരുക്കി കേന്ദ്ര സഹമന്ത്രി എം.ജെ അക്ബര്‍ ഞായറാഴ്ച നൈജീരിയയില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും.

വിഷയത്തില്‍ കൃത്യമായി മറുപടി നല്‍കാത്ത പക്ഷം മന്ത്രി എം ജെ അക്ബര്‍ രാജി വയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അക്ബറിന് സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹത നഷ്ടമായതായി സി.പി.എമ്മും വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.