2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

വിസാ ലംഘനം: ഖാലിദ സിയയുടെ അഭിഭാഷകനെ ഇന്ത്യ തിരിച്ചയച്ചു

ന്യൂഡല്‍ഹി:  വിസാ ലംഘനത്തെ തുടര്‍ന്ന് ഘജയിലിലടക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ അഭിഭാഷകനും ബ്രിട്ടീഷ് എം.പിയുമായ ലോര്‍ഡ് അലക്‌സാണ്ടര്‍ കാര്‍ലിയെ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ഉടനെ ഇന്ത്യ തിരിച്ചയച്ചു. സന്ദര്‍ശന ലക്ഷ്യം അദ്ദേഹം വിസയില്‍ കാണിച്ചതും വിരുദ്ധമായതിനെ തുടര്‍ന്നാണ് എം.പിയെ മടക്കി അയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഖാലിദക്കെതിരായി നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നതിനായാണ് കാര്‍ലി ഡല്‍ഹിയിലേക്ക് വന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിസ അപേക്ഷയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും അതിനാലാണ് തിരിച്ചയച്ചതെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ധാക്കയിലേക്ക് കടക്കാന്‍ തനിക്ക് അനുവാദമില്ലാത്തതിനാലാണ് ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളെ കണ്ട് കേസിന്റെ കുരുക്കുകളെ കുറിച്ച് വിശദീകരിക്കാന്‍ തീരുമാനിച്ചതെന്ന് എന്ന് കാര്‍ലി ബംഗ്ലാദേശ് പത്രം ധാക്ക ട്രൈബ്യുണലിനോട് വ്യക്തമാക്കി.

മൂന്ന് ഡസനിലേറെ ക്രിമിനല്‍ കേസുകളാണ് ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി നേതാവ് ഖാലിദ സിയക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഖാലിദയെയും കുടുംബത്തെയും രാഷ്ട്രീയത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നതിനു വേണ്ടി കെട്ടിച്ചമച്ചതാണ് കേസുകളെന്നാണ് പാര്‍ട്ടിയുടെ വാദം.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യ കേസില്‍ ഖാലിദയെ ശിക്ഷിച്ചത്. കേസില്‍ അഞ്ചുവര്‍ഷം തടവാണ് ശിക്ഷ. നിലവില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് അവര്‍. ഖാലിദ പ്രധാനമന്ത്രിയായിരുന്ന 2001-2006 കാലഘട്ടത്തില്‍ അഗതി മന്ദിരത്തിന്റെ പേരില്‍ 2,53,000 ഡോളര്‍ വിദേശ സഹായം സ്വീകരിച്ച് വകമാറ്റിയെന്നായിരുന്നു കേസ്. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക് വന്നിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.