2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ചരിത്രം മാപ്പു തരില്ല’ – കേന്ദ്ര ഇടപെടലിനെതിരെ ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്

ന്യൂഡല്‍ഹി:  ജഡ്ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടല്‍ തടയണമെന്നാവശ്യവുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇക്കാര്യം ചൂണ്ടികാട്ടി അദ്ദേഹം ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും കത്തയച്ചു.ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് കുര്യന്‍ ജോസഫും മുന്നോട്ട് വന്നിരിക്കുന്നത്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരായി ഉയര്‍ത്തിയ കൊളീജിയം തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെയാണ്  ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പ്രതികരണം.

 

സുപ്രിം കോടതിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്. ഇനിയും മൗനം തുടര്‍ന്നാല്‍ അതിന് ചരിത്രം മാപ്പ് തരില്ലെന്ന് കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നിര്‍ദേശം ഉണ്ടായത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതില്‍ കേന്ദ്രം യാതൊരു തീരുമാനവും എടുക്കുന്നില്ല. ഇതില്‍ സുപ്രീംകോടതിയും ഒന്നും പ്രതികരിക്കുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് പോലും അന്വേഷിക്കാത്ത സുപ്രിം കോടതി നടപടി ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണെന്നും കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി.

സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തിയുള്ള ഒരു ഏഴംഗ ഭരണഘടനാ ബെഞ്ചിന് ഉടന്‍ രൂപം നല്‍കണം. വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെടണം. സാധാരണ പ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ തന്നെയാണ് ഏറ്റവും ഉചിതമായ നടപടി. അല്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.