2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കശ്മീര്‍ ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: പ്രതികളിലൊരാള്‍ വന്നത് മീററ്റില്‍ നിന്ന്

രണ്ടു പൊലിസുകാരടങ്ങുന്ന സംഘം  ആസിഫയെ മൂന്നു തവണ ബലാല്‍സംഗത്തിനിരയാക്കി. പ്രതികളെ സംരക്ഷിക്കാന്‍ മന്ത്രിമാരുടെ ശ്രമം

ജമ്മു കശ്മീര്‍: ജമ്മുവിലെ കത്‌വയില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂര ബലാത്സംഗത്തിനിരയാക്കി  കൊന്ന കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി കുറ്റപത്രം. പ്രതികളിലൊരാള്‍ കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനു വേണ്ടി മാത്രം കിലോ മീറ്ററുകള്‍ താണ്ടി കത്‌വയില്‍ എത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മറ്റൊരു പ്രതിയായ കസിന്റെ കാമസംതൃപ്തി കിട്ടണമെങ്കില്‍ വാ എന്ന ക്ഷണപ്രകാരമാണത്രെ ഇയാള്‍ കത്‌വയിലെത്തിയത്. രണ്ടു പൊലിസുകാരടങ്ങുന്ന ആറംഗസംഘം  ആസിഫയെ മൂന്നു തവണ ബലാല്‍സംഗത്തിനിരയാക്കി എന്ന് കുറ്റപത്രത്തില്‍ പറയുന്നു.  

 സഞ്ജി റാം ജനുവരി 17നാണ് ജമ്മുകാശ്മീരിലെ കത്‌വയിലെ രസന ഗ്രാമത്തിലെ വനമേഖലയില്‍ നിന്നും ആസിഫ എന്ന എട്ടു വയസുകാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ജനുവരി പത്തിന് കുട്ടിയെ കാണാതായിരുന്നു. ഒരാഴ്ച പ്രതികള്‍ കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ ഒളിച്ചു താമസിപ്പിച്ചു. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി.  ക്ഷേത്രത്തിനുള്ളില്‍ വെച്ചായിരുന്നു ബലാല്‍സംഗം എന്നതിന് ഡി.എന്‍.എ പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു. ബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. കൊല്ലുന്നതിന് തൊട്ടുമുമ്പ് പ്രതികളിലൊളായ പൊലിസ് ഓഫീസര്‍ മറ്റുള്ളവരോട് ഒന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊല്ലുന്നതിന് മുമ്പ് അവസാനമായി ഒരിക്കല്‍ കൂടി അയാള്‍ക്ക് ബലാത്സംഗം ചെയ്യണമായിരുന്നുവത്രേ!. കുറ്റപത്രത്തിലെ ഭീകരമായ വിവരങ്ങളാണിത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെയാണ് ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നത് എന്നറിയാമായിരുന്ന പ്രാദേശിക പൊലിസുകാര്‍ക്ക്, കണ്ടില്ലെന്ന് നടിക്കാന്‍ പ്രതികള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും കുറ്റപത്രം പറയുന്നു.

കുറ്റപത്രമനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗകൊലപാതകത്തിന്റെ സൂത്രധാരന്‍. അയാളും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പൊലിസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്‌കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവുനശിക്കാന്‍ ശ്രമിച്ചതിന് ദത്ത,രാജ് എന്നീ പൊലിസുകാരെയും അറസ്റ്റുചെയ്തു.

പ്രദേശത്തെ മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ (ആട്ടിടയര്‍) അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക ഒരു എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരമാണ് കുഞ്ഞിനെ ബലാത്സംഗം ചെയത് കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പൊലിസ് പറയുന്നത്. സനഗ്രാമത്തിന്റെ വനാതിര്‍ത്തിയില്‍ 13 ബ്രാഹ്മണകുടുംബങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടയില്‍ ഇരുപതോളം വരുന്ന നാടോടി മുസ്‌ലിം ബക്കര്‍വാള്‍ കുടുംബങ്ങള്‍ അവിടെയെത്തുകയും സ്ഥലം വാങ്ങി വീടുകള്‍ പണിത് താമസിക്കുകയും ചെയ്തു.

പ്രതികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരടങ്ങുന്ന ഹൈന്ദവസംഘടന സജീവമായി പ്രവര്‍ത്തിക്കുകയാണ്. പ്രതികള്‍ അറസ്റ്റിലായതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്ത കത്‌വയില്‍ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന രൂപീകരിച്ചതായാണ് വിവരം. സംസ്ഥാനത്ത് ബി.ജെ.പി മന്ത്രിമാരായ ലാല്‍ ചന്ദ്, ചന്ദ്രന്‍ പ്രകാശ് ഗംഗ, എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ സഹായം നല്‍കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

പ്രത്യേക സംഘത്തെക്കൊണ്ട് കേസ് അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷവും കേസ് അട്ടിമറിക്കാന്‍  നീക്കം നടക്കുന്നുവെന്നാരോപിച്ച് അഭിഭഷകരടക്കമുള്ളവര്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് പൊലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.