2018 May 19 Saturday
മനസ്സാക്ഷിയെന്ന തീപ്പൊരി മനസ്സില്‍ അണയാതെ സൂക്ഷിക്കുക. വിജയത്തിന് അതുമതി.
- ജോര്‍ജ് വാഷിങ്ടണ്‍

ഷോപിയാന്‍ വെടിവയ്പ്: ആദിത്യകുമാറിനെതിരായ നടപടിക്ക് സ്റ്റേ

  • വിഷയത്തില്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി

ന്യൂഡല്‍ഹി: കശ്മീരിലെ ഷോപിയാനില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ സിവിലിയന്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതനായ സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ ആദിത്യകുമാറിനെതിരെ നടപടി എടുക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു.  ആദിത്യകുമാറിന്റെ പിതാവ് ലെഫ്. കേണല്‍ കരംവീര്‍ സിങ് നല്‍കിയ ഹരജിയിലാണ് തീരുമാനം.

വിഷയത്തില്‍ സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് വിഷയത്തില്‍ അസിസ്റ്റ് ചെയ്യാനും കോടതി ആവശ്യപ്പെട്ടു.

ഷോപിയാനില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ സിവിലിയന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കരംവീര്‍ സിങ് ഹരജി നല്‍കിയത്.  കശ്മീര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് മേജര്‍ ആദിത്യ കുമാറിന്റെ പേര് ഒഴിവാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

ജനുവരി 27ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മേജര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സൈന്യത്തിലെ ‘പത്ത് ഗര്‍വാള്‍’ യൂനിറ്റിലെ  മേജര്‍ ആദിത്യ ആണ് വെടിയുതിര്‍ത്തതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കൊലപാതകം, കൊലപാതക ശ്രമം, ജീവന്‍ അപകടത്തിലാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

വാഹന വ്യൂഹത്തിനു കല്ലെറിഞ്ഞ ആള്‍ക്കൂട്ടത്തിനു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ കല്ല് എറിഞ്ഞതിനെ തുടര്‍ന്ന് സ്വയം പ്രതിരോധമെന്ന നിലയില്‍ ആണ് വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വാദം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.