2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

തമിഴ്‌നാട് നിയമസഭയില്‍ ജയലളിതയുടെ ഛായാചിത്രം സ്ഥാപിച്ച് ഭരണപക്ഷം; എതിര്‍പ്പുമായി പ്രതിപക്ഷം

ചെന്നൈ: തമിഴ്‌നാട് നിയമസഭ ഹാളിനുള്ളില്‍ ജയളിതയുടെ ഛായാചിത്രം സ്ഥാപിച്ചു. എ.ഐ.ഡി.എം.കെയുടേതാണ് നടപടി. എന്നാല്‍,  ഭരണകക്ഷിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ ഡി.എം.കെയും കോണ്‍ഗ്രസും രംഗത്തെത്തി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിത ഇത്തരമൊരു ബഹുമതിക്ക് അര്‍ഹയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

തമിഴ്‌നാട് നിയമസഭ സ്പീക്കര്‍ ധനപാലനാണ് ജയലളിതയുടെ ഛായാചിത്രം അനാഛാദാനം ചെയ്തത്. മുഖ്യമന്ത്രി പളനിസ്വാമി, ഒ.പനീര്‍ശെല്‍വം എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രിമാരായ സി.എന്‍ അണ്ണാദുരൈ, എം.ജി രാമചന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ്. ജയലളിതയുടെ ചിത്രവും സ്ഥാപിച്ചത്. കൂടാതെ മഹാത്മ ഗാന്ധി, ബി.ആര്‍ അംബേദ്കര്‍, സി.രാജഗോപാലാചാരി, കെ.കാമരാജ് എന്നിവരുടെ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ചിത്രം ഇവര്‍ക്കൊപ്പം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ്  പ്രതിപക്ഷത്തിന്റെ നിലപാട്.

അതേസമയം, ജയലൡതയുടെ ചിത്രം നിയമസഭയില്‍ സ്ഥാപിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഭരണപക്ഷം. ജനങ്ങളുടെ ആവേശമായ ജയലളിത അതിനര്‍ഹയാണെന്നാണ് ഭരണപക്ഷം പറയുന്നത്.

ജയലളിതയുടെ മരണത്തിന് ശേഷവും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് അവരുടെ ഛായാചിത്രം നീക്കം ചെയ്യാത്തതിനെതിരെ ഡി.എം.കെ രംഗത്തെത്തിയിരുന്നു. കുറ്റവാളികളായ നേതാക്കളുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൂക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹരജിയും നിലവിലുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.