2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

വീണ്ടും ആക്രമണം: ഒരു സൈനികന് പരുക്ക്; അതിക്രമിച്ചു കയറിയ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് പരുക്കേറ്റു.

ക്യാംപില്‍ അതിക്രമിച്ചു കയറിയ മൂന്നു ഭീകരരേയും സൈന്യം വധിച്ചു. ശ്രീനഗര്‍ കരണ്‍നഗര്‍ ഏരിയയിലുള്ള ക്യാംപിലേക്കാണ് സൈനിക വേഷത്തില്‍ ഭീകരര്‍ അതിക്രമിച്ചു കയറിയത്. കാവല്‍ക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഘം ക്യാമ്പിനുള്ളില്‍ കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് ഒളിയ്ക്കുകയായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചിലിന്റെ ഭാഗമായി 150 ഓളം വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഭീകരര്‍ ഒളിതച്ചുതാമസിച്ചയിടത്തു നിന്ന് ആയുധങ്ങളും ഉപയോഗിച്ച സിറിഞ്ചുകളും കണ്ടെടുത്തു. ആക്രമണത്തിന് മുമ്പ് മോര്‍ഫിന്‍ കുത്തിവയ്ക്കാനാവും ഭീകരര്‍ സിറിഞ്ചുകള്‍ ഉപയോഗിച്ചതെന്ന് സൈന്യം അറിയിച്ചു.

കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്താന്‍ പൗരന്മാരാണ്. ഇവര്‍ പാകിസ്താനില്‍ നിന്ന് ഓഗസ്റ്റിലോ സെപ്റ്റംബറിലോ കശ്മീരിലേക്ക് എത്തിയവരാണെന്നാണ് സൈന്യത്തിന്റെ നിഗമനം. തകരത്തകിടുകള്‍ കൊണ്ട് നിര്‍മ്മിച്ച മതിലുകള്‍ പൊളിച്ചാവും ഭീകരര്‍ ക്യാംപിനുള്ളിലെത്തിയതെന്നാണ് സൈന്യം പറയുന്നത്.

അതേസമയം, സുന്‍ജുവാന്‍ സൈനിക ക്യാമ്പില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഒമ്പത് ആയി. മൂന്ന് സൈനികരുടെയും ഒരു പ്രദേശവാസിയുടെയും മൃതദേഹങ്ങള്‍ കൂടി ഞായറാഴ്ച്ച കണ്ടെത്തിയതോടെയാണിത്. ഭീകരാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പടെ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു ആണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.