2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പതിനൊന്നുകാരന്‍ തബാറക്ക് പറയുന്നു- മോദിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത’ത്തിലേക്ക് മാതാപിതാക്കളേയും പുറകിയിരുത്തി 600 കിലോ മീറ്റര്‍, ഒമ്പതുനാള്‍ മുച്ചക്ര സൈക്കിള്‍ ചവിട്ടിയ കഥ

ന്യൂഡല്‍ഹി: കുഞ്ഞുകാലുകള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്ത് പകര്‍ന്ന്, പൊള്ളുന്ന വെയിലിനെ തളര്‍ച്ചക്കുള്ള ഊര്‍ജ്ജമാക്കി പതിനൊന്നുകാരന്‍ താബാറക് തന്റെ മുച്ചക്ര സൈക്കിള്‍ ആഞ്ഞു ചവിട്ടി. ഒന്നും രണ്ടും ദിവസമല്ല ഒമ്പതു ദിവസം. തുടര്‍ച്ചയായ ഒമ്പതു നാളുകള്‍. 600 കിലോമീറ്റര്‍ ദൂരം. അതും രോഗബാധിതരായ മാതാപിതാക്കളേയും വഹിച്ച്. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്ന് ബിഹാറിലെ അരാരിയയിലേക്കായിരുന്നു അവരുടെ യാത്ര.

ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഇന്ത്യയിലെ റോഡുകളെ ചുവപ്പിച്ച് ആഞ്ഞു നടക്കുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴലാളികളില്‍ ഒരാളാണ് തബാറക്, ഇസ്‌റാഫിലിന്റെയും സോഗ്രയുടേയും ആറ് മക്കളില്‍ രണ്ടാമന്‍. മൂത്തയാള്‍ തമിഴ്‌നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. നാട്ടില്‍ ഇവര്‍ക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. എന്നാലും മരിക്കുന്നെങ്കില്‍ പിറന്ന നാട്ടില്‍ കിടന്നാവട്ടെ എന്ന മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതത്തിലെ അംഗങ്ങളായ ഇവരും തീരുമാനിച്ചു.

20 വര്‍ഷമായി വരാണസിയില്‍ മാര്‍ബിള്‍ ഷോപ്പിലാണ് ഇഫ്‌റാസിന് ജോലി. തബാറക്കും പിതാവിനൊപ്പമുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹം മാത്രമായിരുന്നു വരാണസിയിലേക്ക് പോയത്. പിന്നീട് മാര്‍ബില്‍ വീണ് കാലിന് പരുക്കേറ്റു. അദ്ദേഹത്തെ പരിചരിക്കാനാണ് ഭാര്യയും മകനും എത്തിയത്. സോഗ്രക്കാണെങ്കില്‍ കണ്ണ് കാണില്ല. വയലില്‍ പണിയുന്നതിനിടെ കണ്ണിന് പരുക്കേ പറ്റിയതാണ്. ആയിരക്കണക്കിനാളുകളാണ് പ്രതീക്ഷ മാത്രം കൈമുതലാക്കി നടക്കുന്നത്. അതില്‍ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട്- ഈ തീരുമാനത്തിലെത്തിയതിനെ കുറിച്ച് തബാറക് പറയുന്നു.

എല്‍.പി.ജി. സിലിണ്ടറുള്‍പെടെ ഉണ്ടായിരുന്നു അവന്റെ വണ്ടിയില്‍. പലരും സഹായിച്ചു. വെള്ളം കിട്ടുന്നിടത്ത് പാചകം ചെയ്തു. അങ്ങിനെ അനേകായിരം ദുരിത പര്‍വ്വങ്ങള്‍ക്കൊടുവില്‍ അവര്‍ നാടണഞ്ഞു.

ഇപ്പോള്‍ ബിഹാറില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയാണ് തബാറക്കും പിതാവും. സ്ത്രീകള്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ സംവിധാനം ഇല്ലാത്തതിനാല്‍ സോഗ്ര വീട്ടില്‍ തന്നെയാണ് കഴിയുന്നത്.

തബാറക്കിന്റെ കഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇതാണ് സ്വാശ്രയ ഇന്ത്യ എന്നും മോദിയുടെ ഇന്ത്യയിലെ സ്വയം പര്യാപ്തത നേടിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്നൊക്കെ പറഞ്ഞാണ് ചിത്രം ഷെയര്‍ ചെയ്യപ്പെടുന്നത്.

അതിനിടെ ഇവര്‍ക്ക് ബിഹാറില്‍ വരുമാനത്തിനുള്ള മാര്‍ഗവും താമസവും വാഗ്ദാനം ചെയ്ത് ആര്‍.ജെ.ഡി എം.എല്‍.എ ഷാനവാസ് ആലവും രംഗത്തെത്തി.

രോഗിയായ പിതാവിനേയും പുറകിലിരുത്തി സൈക്കിള്‍ ചവിട്ടിയ 15കാരി ജ്യോതി കുമാരി നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 1200 കിലോമീറ്ററായിരുന്നു ജ്യോതിയുടെ സൈക്കിള്‍ യാത്ര.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.