2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ലാലുവിന് വിഷാദ രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

റാഞ്ചി: തടവില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് വിഷാദരോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(റിംസ്) ഡയരക്ടര്‍ ആര്‍.കെ ശ്രീവാസ്തവ ആണ് ഇക്കര്യം വെളിപെടുത്തിയത്. ലാലുവിനെ ചികിത്സിക്കുന്ന ഡോക്ടര്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സുചിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല എയിംസില്‍ നിന്നുള്ള ഡിസ്ചാര്‍ജ് ഷീറ്റിലും ഇക്കാര്യം പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനോരോഗ ചികിത്സകന്‍ ലാലുവിന്റെ അവസ്ഥയെക്കുറിച്ച് പഠിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

കുടുംബത്തെ ബാധിക്കുന്ന അഴിമതിക്കേസുകള്‍ ലാലുവിനെ മാനസികമായി ബാധിച്ചുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തന്റെ പിന്‍ഗാമിയായി ഇളയ മകന്‍ തേജ് പ്രതാപ് യാദവിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ലാലു പ്രസാദ്.

കഴിഞ്ഞ ദിവസം വൃത്തിക്കുറവും കൊതുകു ശല്യവുമുണ്ടെന്ന പരാതിയെത്തുടര്‍ന്ന് പെയിങ് വാര്‍ഡിലേക്ക് ലാലുവിനെ മാറ്റിയിരുന്നു. ആയിരം രൂപയാണ് പെയിങ്ങ് വാര്‍ഡിന് നല്‍കുന്നത്.

പരോള്‍ കാലാവധി നീട്ടിനല്‍കാത്തതിനെത്തുടര്‍ന്ന് ആഗസ്റ്റ് 31നാണു ലാലുപ്രസാദ് യാദവ് ജയിലില്‍ മടങ്ങിയെത്തിയത്. എന്നാല്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു ജയില്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണു ലാലു പ്രസാദ് ജയിലിലെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.