2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അസം പൗരത്വപട്ടികയില്‍ ഉള്‍പെടാത്തവരെ നാടു കടത്തും- രാം മാധവ്

ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പൗരത്വം റദ്ദാക്കി അവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. ‘ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കും. ഇത്തരക്കാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍നിന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യും. ശേഷം സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും’- രാം മാധവ് പറഞ്ഞു.

എന്‍.ആര്‍.സി എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്ന് രാം മാധവ് ആവശ്യപ്പെട്ടു. അസം രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഒരു രാജ്യവും അനധികൃത കുടിയേറ്റം അനുവദിക്കാറില്ല. എന്നാല്‍ പ്രത്യേക രാഷ്ട്രീയാവസ്ഥയില്‍ ഇന്ത്യ അനധികൃത കുടിയേറ്റക്കാര്‍ക്ക് സ്ഥിരം താവളമായിരിക്കുകയാണെന്നും രാം മാധവ് പറഞ്ഞു. അസമിലെ അനധികൃത കുടിയേറ്റങ്ങളുടെ ആധിക്യം വ്യക്തമായി അറിയാമായിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1950കളില്‍തന്നെ അസമില്‍ പ്രത്യേക നിയമങ്ങളേര്‍പ്പെടുത്തിയിരുന്നു. മാധവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനായി പൗരന്മാര്‍ക്ക് സമയവും അവസരവും നല്‍കുമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കണമെന്നും സോനോവാള്‍ ആവശ്യപ്പെട്ടു.

അസമിലെ ഇന്ത്യന്‍ പൗരന്മാരെയും അനധികൃത കുടിയേറ്റക്കാരെയും തിരിച്ചറിയാനായി സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ ജൂലായ് 30ന് പുറത്തിറക്കിയ അസം പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയില്‍നിന്ന് 40 ലക്ഷം പേര്‍ പുറത്തായിരുന്നു. ഇത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.