
ലക്നോ: കന്‍വാര്‍ തീര്‍ഥ യാത്ര കടന്നു പോകുന്ന ഗ്രാമങ്ങളിലെ മുസ്ലിങ്ങള്‍ക്ക് പൊലിസ് റെഡ് കാര്‍ഡ് നല്കി. പൊലിസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് 70 മുസ്ലിം കുടുംബങ്ങള്‍ ഇവിടങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോയി.
കന്‍വാര്‍ യാത്രക്കിടെ പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും തീര്‍ഥാടക സംഘം കടന്നുപോകുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാല്‍ പ്രദേശവാസികളെ കുറ്റക്കാരായി കണക്കാക്കുമെന്നും നോട്ടിസില്‍ പറയുന്നു.
അഞ്ചു ലക്ഷം രൂപയുടെ ബോണ്ടില്‍ ഇവരെക്കൊണ്ട് ഒപ്പുവെപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തുള്ള ഏതാനും ഹിന്ദു കുടുംബങ്ങള്‍ക്കും ചുവപ്പുകാര്‍ഡ് നല്‍കിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ പൊലിസ് നിലപാട് മാറ്റി. തീര്‍ഥാടകര്‍ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞുപോകുന്നതിനുള്ള നോട്ടിസ് നല്‍കിയതെന്നാണ് പൊലീിസിന്റെ പുതിയ വിശദീകരണം. കുടുംബങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും പൊലിസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേപ്രദേശത്തു കൂടി കന്‍വാരിയന്‍ യാത്ര കടന്നുപോയപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കന്വാരിയന്മാര് പൊലിസ് വാഹനമുള്‍പ്പെടെ അടിച്ചു തകര്‍ക്കുന്നതും മറ്റ് അക്രമസംഭവങ്ങള്‍ നടത്തുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.
ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തന്മാരുടെ കാല്‍നട യാത്രയാണ് ഇത്.