2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ആരുഷി കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരായ സി.ബി.ഐയുടെ ഹരജി സുപ്രിം കോടതി സ്വീകരിച്ചു

ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ വധകേസില്‍  പ്രതികളെന്നാരോപിക്കപ്പെട്ട മാതാപിതാക്കളെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും നൂപുര തല്‍വാറിനെയും അലഹാബാദ് ഹൈകോടതിയാണ് വെറുതെവിട്ടത്. ഇതിനെതിരെ ആരുഷിക്കൊപ്പം കൊല്ലപ്പെട്ട ഹേമരാജിന്റെ ഭാര്യയും സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

കേസില്‍ മാതാപിതാക്കളായ രാജേഷിനും നൂപരിനുമെതിരെ മതിയായ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അലഹബാദ് ഹൈകോടതി ഇവരെ വെറുതെ വിട്ടത്. 2017 ഒക്‌ടോബര്‍ 12 നായിരുന്നു വിധി.

2008 മേയ് 16നാണ് നോയിഡയിലെ വസതിയിലെ കിടപ്പുമുറിയില്‍ ആരുഷി തല്‍വാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടു ജോലിക്കായി നിന്നിരുന്ന ഹേമരാജിനെ ടെറസില്‍ മരിച്ച നിലയിലും കണ്ടെത്തി. ആരുഷിയും ഹേമരാജും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന സംശയത്തില്‍ തല്‍വാര്‍ ദമ്പതിമാര്‍ രണ്ടുപേരെയും കൊലപ്പെടുത്തുകയായിരുന്നെന്നായിരുന്നു കേസ് അന്വേഷിച്ച സി.ബി.ഐ.യുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.