2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

ഇന്‍ഡിഗോ സംഭവം മുതലെടുത്ത് ജെറ്റ് എയര്‍വേയ്‌സും എയര്‍ ഇന്ത്യയും

ന്യൂഡല്‍ഹി: ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം മുതലെടുത്ത് ഇതര വിമാനക്കമ്പനികള്‍ രംഗത്ത്. വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേയ്‌സുമാണ് സാഹചര്യത്തെ സമര്‍ഥമായി മുതലെടുക്കുന്ന രീതിയിലുള്ള പരസ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘മത്സരം ഞങ്ങള്‍ അടിക്കും (ജയിക്കും), നിങ്ങളെ അടിക്കില്ല’ (we beat our competition, not you) എന്നാണ് ജെറ്റ് എയര്‍വേയ്‌സിന്റെ ലോഗോയോടൊപ്പമുള്ള പോസ്റ്ററില്‍ പറയുന്നത്. ജെറ്റ് എയര്‍വേയ്‌സിന്റേതെന്ന പേരിലുള്ള പരസ്യം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

അതേസമയം, പരസ്യത്തെ ജെറ്റ് എയര്‍വേസ് നിഷേധിച്ചു. ഇത്തരമൊരു പരസ്യം തങ്ങള്‍ നല്‍കിയിട്ടില്ലെന്ന നിലപാടാണ് ജെറ്റ് എയര്‍വേയ്‌സ് സ്വീകരിച്ചിരിക്കുന്നത്. ഈ പരസ്യം വ്യാജമാണെന്നും ഇത്തരത്തില്‍ പരസ്യം ചെയ്യുക എന്നത് തങ്ങളുടെ രീതിയല്ലെന്നും ധാര്‍മികതയ്ക്കു നിരക്കുന്നതല്ലെന്നും ജെറ്റ് എയര്‍വേയ്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു.

‘ഞങ്ങള്‍ കൈയ്യുയര്‍ത്തുന്നത് നമസ്‌തേ പറയാന്‍ മാത്രം’ (We Raise Our Hands Only To Say Namaste) എന്നായിരുന്നു എയര്‍ ഇന്ത്യയുടെ പരസ്യത്തിലെ വാചകം. എയര്‍ ഇന്ത്യയുടെ ഐക്കണ്‍ ഇമേജ് ആയ മഹാരാജാവിന്റെ കൈകൂപ്പി നില്‍ക്കുന്ന ചിത്രവും ഇതിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പരസ്യം പിന്‍വലിക്കപ്പെട്ടു.

ഡല്‍ഹി വിമാനത്താവളത്തില്‍ ഒക്ടോബര്‍ 15നായിരുന്നു ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ രാജീവ് കത്യാല്‍ എന്ന യാത്രക്കാരന് നേരെ കയ്യേറ്റമുണ്ടായത്. ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട യാത്രക്കാരനെ ബോര്‍ഡിങില്‍ നിന്ന് ബസിലേക്ക് കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇയാള്‍ തള്ളി കയറാന്‍ ശ്രമിച്ചപ്പോള്‍ ഗ്രൗണ്ട് ജീവനക്കാര്‍ രാജീവ് കത്യാലിനെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിനിടെ മറ്റൊരു യാത്രിക്കാരന്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ പുറത്തുവന്നതോടെ ഇന്‍ഡിഗോ യാത്രക്കാരനോട് മാപ്പു ചോദിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.