2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

‘ഒറ്റക്കുള്ള സിംഹത്തെ കാട്ടു നായ്ക്കള്‍ക്ക് അക്രമിക്കാനാവും, അതിനാല്‍ ഹിന്ദുക്കള്‍ ഒന്നിച്ചു നില്‍ക്കുക’- ആഹ്വാനവുമായി മോഹന്‍ ഭഗവത്

  • പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഒറ്റക്കെട്ടായി നിന്നാല്‍ ആര്‍ക്കും ഹിന്ദുക്കളെ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സിംഹം എത്ര ശക്തമാണെങ്കിലും ഒറ്റക്കായാല്‍ കാട്ടുനായ്ക്കള്‍ക്ക് അക്രമിക്കാന്‍ കഴിയും.അതിനാല്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി മുന്നേറണം’ മോഹന്‍ ഭഗവത് ആഹ്വാനം ചെയ്തു.  ഷിക്കാഗോയില്‍ നടന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഹിന്ദു സമുദായത്തില്‍ പെട്ടവര്‍ തങ്ങള്‍ക്ക് മേധാവിത്തം വേണമെന്ന് കരുതുന്നില്ല. എല്ലാ ഹിന്ദുക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ പുരോഗതിയുണ്ടാകൂ എന്നും ഭഗവത് പറഞ്ഞു. ഹിന്ദുക്കളെ ഏകോപിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവര്‍ ഒരിക്കലും ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദു ഏകീകരണം സംബന്ധിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മറ്റു മത സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തിയാണ് ആര്‍.എസ്.എസ് ലോകത്ത് അറിയപ്പെടുന്നതെന്നും മറ്റു മതങ്ങളെ ഇങ്ങനെ ഉപമിക്കുന്നത് ലജ്ജാകരമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചു. മറ്റുള്ളവരെ നായകളെന്ന് വിളിച്ച് നിന്ദിക്കുന്ന മോഹന്‍ ഭാഗവത് സ്വയം കടുവയാകാന്‍ ശ്രമിക്കുകയാണെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

മോഹന്‍ ഭാഗവതിന്റെ നായയോടുള്ള ഉപമയ്‌ക്കെതിരെ ദലിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ആര്‍.എസ്.എസ് മേധാവി രാജ്യത്തെ ഹിന്ദു സമുദായത്തിന്റെ ക്ഷേമത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.