2018 October 15 Monday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

മിണ്ടിപ്പോകരുത്! റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പറഞ്ഞ അധ്യാപകന് കേന്ദ്രമന്ത്രിയുടെ താക്കീത്

നാഗാവ്: പൊതുപരിപാടിയില്‍ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പറഞ്ഞ മുന്‍ അധ്യാപകന് കേന്ദ്ര മന്ത്രിയുടെ ശാസന. അസമിലെ നാഗാവ് ജില്ലയില്‍ സ്വച്ഛ് ഭാരത് മിഷന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് സംഭവം.  ജില്ലയിലെ മോശം റോഡുകളെക്കുറിച്ച് സംസാരിക്കവെ അധ്യാപകന്റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു അസം റെയില്‍വേ മന്ത്രി രാജന്‍ ഗൊഹൈന്‍.

ജില്ലയിലെ റോഡിന്റെ അവസ്ഥ വളരെ ദയനീയമാണെന്നായിരുന്നു പ്രസംഗത്തിനിടെ അധ്യാപകന്റെ പരാമര്‍ശം. ജില്ലയിലെ റോഡുകള്‍ വളരെ മോശമാണ്. താങ്കള്‍ എന്റെയൊപ്പം വന്നാല്‍ ഇവിടുത്തെ റോഡിന്റെ അവസ്ഥ നേരിട്ട് ബോധ്യമാക്കി തരാമെന്നും അധ്യാപകന്‍ പറഞ്ഞു.

ഉടന്‍ തന്നെ ഗോഹെന്‍ ഇടപെട്ട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ക്ഷുഭിതനായ മന്ത്രി എന്തിനാണ് ഇത്തരം പ്രശ്‌നങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുന്നെന്നും അതുകൊണ്ട് നിങ്ങള്‍ക്ക് എന്തു നേട്ടമാണുണ്ടാകുന്നതെന്നും അധ്യാപകനോട് ചോദിച്ചു. നിങ്ങള്‍ ദുരുദ്യേശത്തോടെയാണ് ഈ പരിപാടിക്കെത്തിയതെന്നും അദ്ദേഹം ആക്ഷേപിച്ചു. മാത്രമല്ല, എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ തന്നോട് നേരിട്ട് പറയണമെന്നും അല്ലാതെ ഒരു പൊതുപരിപാടിയില്‍ പറയുകയല്ല വേണ്ടതെന്നും മന്ത്രി അധ്യാപകനെ താക്കീത് ചെയ്യുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്നു അധ്യാപക സംഘടനകളും വിദ്യാര്‍ഥികളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ മന്ത്രിയുടെ വീട് ഉപരോധിച്ചു. എന്നാല്‍, താന്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നാണ്  മന്ത്രിയുടെ നിലപാട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.