2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാവിയും ചുവപ്പും കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: ശത്രുവിന്റെ ശത്രു മിത്രമെന്നാണല്ലോ പഴഞ്ചൊല്ല്. ഈ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇടത് പാര്‍ട്ടികള്‍ പശ്ചിമബംഗാളില്‍. ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മമതയെന്ന പൊതുശത്രുവിനെ ചെറുക്കാനാണ് ഈ നീക്കു പോക്ക്. കേരളമുള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ പരസ്പരം പോര്‍വിളിക്കുകയും ദേശീയതലത്തില്‍ ബി.ജെപിക്കെതിരെ പൊതുധാരണ രൂപപ്പെടണമെന്ന് നേതൃത്വം വാദിക്കുകയും ചെയ്യുന്നതിനിടെയാണ് ഈ നീക്കം.

നാദിയയിലും നന്ദിഗ്രാമിലും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടെന്ന് സംസ്ഥാനസമിതി അംഗം സുമിത് ഡേ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അതിക്രമങ്ങള്‍ ചെറുക്കാന്‍ പല വാര്‍ഡുകളിലും സി.പി.എം സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബി.ജെ.പിയും പ്രതികരിച്ചു.

തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി നാദിയയില്‍ നടത്തിയ പ്രതിഷേധറാലിയിലാണ് തിരഞ്ഞെടുപ്പ് ധാരണയുടെ തുടക്കം. സി.പി.എമ്മുമായി കൈകോര്‍ത്ത് പിടിച്ചുള്ള പ്രതിഷേധമാര്‍ച്ചില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും പങ്കെടുത്തതായി സംസ്ഥാനഅധ്യക്ഷന്‍ ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. സി.പി.എം സംസ്ഥാനസമിതി അംഗം രമാ ബിശ്വാസും ബി.ജെ.പി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടു. നാദിയയിലും നന്ദിഗ്രാമിലും വിവിധ വാര്‍ഡുകളില്‍ സി.പി.എമ്മിനെ സഹായിക്കാനായി സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ ബി.ജെ.പി തയ്യാറായി. തിരിച്ച് ബി.ജെ.പിക്ക് പിന്തുണയുമായി സി.പി.എമ്മും അണിനിരന്നതോടെ അരിവാള്‍ ചുറ്റിക നക്ഷത്രത്തോടൊപ്പം താമരയും ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും തെളിഞ്ഞുതുടങ്ങി.

മുഖ്യശത്രുവായി 22ാം പാര്‍ട്ടി കോണ്‍ഗ്രസ് മുദ്രകുത്തിയ ബി.ജെ.പിയുമായി യാതൊരു നീക്കുപോക്കുമില്ലെന്ന ബംഗാളില്‍ നിന്നുള്ള പി.ബി അംഗം ബിമന്‍ ബസുവിന്റെ വിശദീകരണം സംസ്ഥാന നേതാക്കള്‍ തള്ളി. തൃണമൂലിനെ തോല്‍പ്പിക്കാനുള്ള നാട്ടുകാരുടെ ആഗ്രഹപ്രകാരമാണ് ബദ്ധവൈരികള്‍ കൈപിടിച്ചതെന്നാണ് ഇരുപാര്‍ട്ടികളുടെയും ന്യായീകരണം.

ചിലയിടങ്ങളില്‍ കോണ്‍ഗ്രസും സി.പിഎമ്മിനെ പിന്തുണക്കുന്നുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.