2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

1984 തെരഞ്ഞെടുപ്പിലെ വിജയത്തില്‍ കോണ്‍ഗ്രസിന് ആര്‍.എസ്.എസ് പിന്തുണയുണ്ടായിരുന്നു- അവകാശവാദവുമായി റഷീദ് കിദ്വായ്

ന്യൂഡല്‍ഹി:  കോണ്‍ഗ്രസിന് ചരിത്ര വിജയം നേടിക്കൊടുത്ത 1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആര്‍.എസ്.എസിന്റെ സഹായം ലഭിച്ചിരുന്നുവെന്ന അവകാശവാദവുമായി പുസ്തകം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ റഷീദ് കിദ്വായ് രചിച്ച 24 അക്ബര്‍ റോഡ്:  എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് പീപ്പിള്‍ ബിഹൈന്‍ഡ് ദി ഫാള്‍ ആന്‍ഡ് റൈസ് ഓഫ് ദി കോണ്‍ഗ്രസ് എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. ആര്‍എസ്എസ് പിന്തുണ കൂടി ലഭിച്ചതാണ് 523 അംഗ സഭയില്‍ കോണ്‍ഗ്രസിന് 415 സീറ്റ് നേടാന്‍ ഇടയാക്കിയതെന്നാണ് രചയിതാവ് അവകാശപ്പെടുന്നത്.

പുസ്തകത്തിലെ മൂന്നാം അധ്യായമായ ദി ബിഗ് ട്രീ ആന്‍ഡ് സാപ്ലിങ് എന്ന അധ്യായം തുടങ്ങുന്നത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത് പരാമര്‍ശിച്ചുകൊണ്ടാണ്. രാജീവ് ഗാന്ധി ഡല്‍ഹിയില്‍ എത്തിയതോടെ ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.സി അലക്‌സാണ്ടറും മറ്റ് വിശ്വസ്തരും രാജീവിനോട് പാര്‍ട്ടിയും മന്ത്രിസഭയും അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി അറിയിച്ചു. സോണിയ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാജീവ് അത് ഉത്തരവാദിത്വമായി കണ്ടു.

അങ്ങനെയാണ് രാജീവിന്റെ തീവ്രമായ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1984 ഡിസംബര്‍ 24-27  തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടു. ഇന്ദിരയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപതരംഗം അലയടിക്കുന്നതിനിടയിലും തികച്ചും മൂര്‍ച്ചയേറിയതായിരുന്നു രാജീവിന്റെ തെരഞ്ഞെടുപ്പു പ്രചാരണം. 25 ദിവസം നീണ്ട പ്രചാരണകാലത്ത് കാറിലും വിമാനത്തിലുമായി രാജീവ് 50,000 കിലോമീറ്റര്‍ രാജ്യം ചുറ്റിയെന്നും പുസ്തകത്തിലുണ്ട്. സ്വന്തമായ ഭൂമിയെന്ന സിക്ക് അവകാശ വാദം പ്രധാന ആയുധമാക്കി. കൂടാതെ  ഹിന്ദുത്വ രാഷ്ട്രീയവും പയറ്റി. ഹിന്ദുക്കളുടെ ഉള്ളില്‍ തന്നെയുള്ള അരക്ഷിതാവസ്ഥ പരമാവധി ഉപയോഗിച്ചു. രാജീവിനെ അവരുടെ രക്ഷകനായി അവതരിപ്പിച്ചു. ആര്‍.എസ്.എസ് സര്‍സംഘചാലക് ദിയോറസുമായി കൂടിക്കാഴ്ച നടത്താന്‍ രാജീവ് തീരുമാനിച്ചു- പുസ്തകത്തില്‍ പറയുന്നു.

രാമജന്മഭൂമിയില്‍ ശിലയിടാന്‍ അനുവദിച്ചാല്‍ ആര്‍.എസ്.എസ് കോണ്‍ഗ്രസിനെ പിന്തുണക്കുമോ എന്ന കാര്യത്തില്‍ രാജീവ് തന്റെ അഭിപ്രായം ചോദിച്ചിരുന്നതായി 2007 ലില്‍ പുരോഹിത് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ രാജീവിന്റെ കാലത്ത് ആര്‍.എസ്.എസും കോണ്‍ഗ്രസും തമ്മില്‍ നീക്കുപോക്കുണ്ടായിരുന്നുവെന്ന കാര്യം ബി.ജെ.പി നിഷേധിച്ചു.

 
 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.