
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനങ്ങള്‍ ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് സുപ്രിം കോടതി. ഇതുവരെ ഒമ്പതു സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതു സംബന്ധിച്ച മറുപടി നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങള്‍ അടിയന്തരമായി മറുപടി നല്‍കിയില്ലെങ്കില്‍ ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് സമന്സയക്കുമെന്ന് കോടതി മുന്നറിയിപ്പു നല്കി.
ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുള്പെടെ തടയാന്‍ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിമാരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
കഴിഞ്ഞ ജൂലൈയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവ്. ആള്‍ക്കൂട്ട ആക്രമണങ്ങളിലെ പ്രതികളെ ശിക്ഷിക്കാന്‍ പ്രത്യേക നിയമം ഉണ്ടാക്കണമെന്നും പാര്‍ലമെന്റിനോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.