2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ജമ്മു കശ്മിര്‍ പൊലിസില്‍ അഴിച്ചുപണി

ശ്രീനഗര്‍: ജമ്മു കശ്മിര്‍ പൊലിസ് മേധാവി എസ്.പി വൈദിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. കേന്ദ്രവുമായുള്ള അഭിപ്രായ ഭിന്നതക്കു പിന്നാലെയാണ് നടപടി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും നിലവിലെ ജയില്‍ മേധാവിയുമായ ദില്‍ബാഗ് സിങ്ങിനാണ് താത്കാലിക ചുമതല. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയാണ് വൈദിന്റെ പുതിയ നിയമനം. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഉത്തരവിറങ്ങിയത്.

കഴിഞ്ഞയാഴ്ച, മൂന്നു പൊലിസുകാരെയും ബന്ധുക്കളായ എട്ടുപേരെയും ദക്ഷിണ കശ്മിരില്‍നിന്ന് ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരുടെ മോചനത്തിന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നൈക്കുവിനെയും തീവ്രവാദികളുടെ ബന്ധുക്കളായ പന്ത്രണ്ടുപേരെയും വിട്ടുനല്‍കേണ്ടി വന്നു. ഇതും പൊലിസ് തലപ്പത്തെ അഴിച്ചുപണിക്കു കാരണമായെന്ന് സൂചനയുണ്ട്.

സംസ്ഥാന ഇന്റലിജന്‍സ് മേധാവി അബ്ദുള്‍ ഗാനിയെയും കഴിഞ്ഞദിവസം സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഡോ. ബി ശ്രീനിവാസാണ് പുതിയ ഇന്റലിജന്‍സ് മേധാവി.

പി.ഡി.പി -ബി.ജെ.പി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ജമ്മു കശ്മിരില്‍ ഗവര്‍ണര്‍ ഭരണമാണ് നിലവില്‍. സത്യപാല്‍ മാലിക്കാണ് ഗവര്‍ണര്‍. കഴിഞ്ഞ ദിവസമാണ് എന്‍ എന്‍ വോറയുടെ പിന്‍ഗാമിയായി ബിഹാര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ ജമ്മു കശ്മിര്‍ ഗവര്‍ണറായി നിയമിച്ചത്.  1967 ന് ശേഷം ആദ്യമായിട്ടാണ് ഒരു രാഷ് ട്രീയനേതാവ് ജമ്മു കശ്മിരില്‍ ഗവര്‍ണറായി നിയോഗിക്കപ്പെടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.