2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

സ്വവര്‍ഗരതി: സുപ്രിം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹരജികളില്‍ സുപ്രിം കോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ണ്ണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് വിധി പ്രസ്താവിക്കും. സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്.

നിയമം റദ്ദാക്കുന്ന കാര്യത്തില്‍ കോടതിക്ക് ഉചിത നിലപാടെടുക്കാം എന്നാണ് കേസില്‍ കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ട നിലപാട്. എന്നാല്‍ മൃഗങ്ങളുമായുള്ള ലൈംഗിക വേഴ്ച, സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വിവാഹം, വേര്‍പിരിയല്‍, ദത്തെടുക്കല്‍ എന്നിവ അനുവദിക്കാന്‍ ആകില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സാമൂഹിക മനോഭാവം മാറുമെന്നാണ് ഹരജിക്കാര്‍ വാദിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നു എന്നതിലൂന്നിയായിരുന്നു ഹരജിക്കാരുടെ വാദങ്ങള്‍. മതം,ജാതി ഭാഷ വര്‍ണ്ണം,ദേശം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണ്, ലൈംഗികതയും ലൈംഗിക അവകാശങ്ങളും മനുഷ്യാവകാശങ്ങളുടെ ഭാഗമാണെന്നും ഹരജിക്കാര്‍ വാദിച്ചു.

കൊളോണിയല്‍ പാരമ്പര്യം പേറുന്ന വകുപ്പാണ് ഐ.പി.സി 377, ചെയ്യുന്നത് കൊടും കുറ്റമാണെന്ന് നിയമം അനുശാസിച്ചാല്‍ എങ്ങനെ രണ്ടുപേര്‍ക്ക് തീവ്രമായി പ്രണയിക്കാന്‍ ആകും? പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഉഭയ സമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് എങ്ങനെ പ്രകൃതിക്ക് നിരക്കാത്തതാകും തുടങ്ങി ശക്തമായ വാദങ്ങളാണ് ഹരജിക്കാര്‍ നിരത്തിയിരുന്നത്.

ഹരജിക്കാര്‍ക്കും ലൈംഗീക ന്യൂനപക്ഷള്‍ക്കും പ്രതീക്ഷ നല്‍കുന്ന നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും വാദത്തിനിടെ കോടതിയില്‍ നിന്നുമുണ്ടായിരുന്നു.
വ്യക്തിബന്ധങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശത്തിനു കീഴില്‍ സംരക്ഷിക്കപ്പെടണം, സദാചാര പൊലിസിങ്ങില്‍ നിന്ന് ഇവയെ രക്ഷിക്കണം തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. നേരത്തെ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതിയെ നിയമ വിധേയമാക്കിയിരുന്നെങ്കിലും 2013ല്‍ സുപ്രിം കോടതി റദ്ദാക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.