2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ ഇന്ത്യന്‍ സൈന്യവും നീരജ് ചോപ്രയെ പോലെ പെരുമാറും- ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി:  പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍  സൗഹൃദപൂര്‍വം പെരുമാറാന്‍ ഇന്ത്യ തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഡല്‍ഹിയില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ ജേതാവ് പാക് താരത്തിന് ഹസ്തദാനം നല്‍കിയതിനെ കുറിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രതികരണം.

‘അവരാണാദ്യ ചുവട് വെക്കേണ്ടത്. അവര്‍ ഭീകരവാദം നിര്‍ത്തണം. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ അവസാനിപ്പിക്കുകയാണെങ്കില്‍ ഇന്ത്യന്‍ പട്ടാളം അവരോട് ‘നീരജ് ചോപ്രയെ പോലെ’ പെരുമാറും’- ബിപിന്‍ റാവത്ത് പറഞ്ഞു. അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് കാണിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. അതേ ഇനത്തില്‍ വെങ്കലം നേടിയ പാകിസ്താന്‍ താരത്തിന്, മെഡല്‍ സ്വീകരിക്കാനായി വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന സമയത്ത് നീരജ് ഹസ്തദാനം ചെയ്തിരുന്നു. നീരജിന്റെ ഈ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അര്‍ഷാദ് നദീമായിരുന്നു പാകിസ്താനു വേണ്ടി വെങ്കലം നേടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.