2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ജലപാനവും ഉപേക്ഷിക്കുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

അഹമദാബാദ്:  പട്ടേല്‍ സമുദായത്തിന് സംവരണം നല്‍കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക്ക് പട്ടേല്‍ നടത്തുന്ന നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. തന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് യാതൊരു നീക്കവും കാണാത്ത സ്ഥിതിക്ക് സമരം കൂടുതല്‍ ശക്തമാക്കാനാണ് ഹാര്‍ദ്ദിക്കിന്റെ നീക്കം. അടുത്ത 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ ജലപാനം പോലും ഉപേക്ഷിക്കുമെന്നാണ് ഹാര്‍ദ്ദിക് മുന്നറിയിപ്പ് നല്‍കുന്നത്.

സര്‍ക്കാര്‍ പ്രതിനിധികള്‍ ഉടന്‍ തന്നെ ഹാര്‍ദ്ദിക്കിനെ കണ്ടു സംസാരിക്കണമെന്ന് പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വിനര്‍ മനോജ് പനാറ ആവശ്യപ്പെട്ടു. അടുത്ത 24മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ കൂടിക്കാഴ്ചക്ക് തയ്യാറായില്ലെങ്കില്‍ അദ്ദേഹം ജലപാനവും ഉപേക്ഷിക്കും. സംസ്ഥാനം മുഴുവന്‍ അദ്ദേഹത്തെ കുറിച്ച് ആശങ്കയിലാണ്. എന്നാല്‍ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യനില വഷളായിട്ടും താന്‍ മരിച്ചാല്‍ തന്റെ സ്വത്തുക്കള്‍ക്ക് കുടുംബത്തെയും സംവരണ സമരത്തില്‍ വെടിയേറ്റ് മരിച്ചവരെയും ഉള്‍പ്പെടുത്തി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വില്‍പത്രം എഴുതി വെച്ചിട്ടും ഗുജറാത്ത് സര്‍ക്കാര്‍ ഇതുവരെ സമരപ്പന്തലിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സമരം ഒത്തുതീര്‍പ്പാക്കണമെന്നും രാഷ്ട്രീയ നേതാക്കളുടെ സമരാവശ്യങ്ങളോട് മുഖംതിരിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സമരം തുടങ്ങി പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഹാര്‍ദ്ദിക്കിന്റെ ശരീരഭാരം 20 കിലോയോളം കുറഞ്ഞിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. 78 കിലോ ആയിരുന്ന ശരീര ഭാരം ഇപ്പോള്‍ 58 കിലോ ആയി കുറഞ്ഞു.

ഹാര്‍ദ്ദിക്ക് പട്ടേലിന്റെ സമരത്തിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിക്കുന്നുണ്ട്. മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങിയവര്‍ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 25നാണ് ഹാര്‍ദ്ദിക് പട്ടേല്‍ നിരാഹാര സമരം ആരംഭിച്ചത്. പട്ടേല്‍ സമുദായത്തേയും സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ധനരായ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടാണ് സമരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.