2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ജെസീക്കയെ കൊന്നത് ഭര്‍ത്താവ് തന്നെ; കൊലപാതകം സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാന്‍

ലണ്ടന്‍: യു.കെയില്‍ ഇന്ത്യക്കാരിയായ ഫാര്‍മസിസ്റ്റ് ജെസിക്ക(34) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കണ്ടെത്തി. സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാനാണ് മിതേഷ് പട്ടേല്‍(37) ഇവരെ കൊലപ്പെടുത്തിയത്.

ഇംഗ്ലണ്ടിലെ മിഡില്‍സ്‌ബോറോയിലെ വീട്ടിലാണ് ജെസിക്കയെ (34) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മെയിലായിരുന്നു സംഭവം. മിതേഷ് ആദ്യം കുറ്റം നിഷേധിച്ചിരുന്നു. താന്‍ നിരപരാധിയാണെന്നും വീട്ടിലെത്തിയപ്പോള്‍ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.

എന്നാല്‍ കെട്ടിയിട്ട ശേഷം ഇന്‍സുലില്‍ കുത്തിവച്ച്പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ തെളിവു സഹിതം കോടതിയെ ബോധ്യപ്പെടുത്തി. ഭാര്യയെ കൊല്ലാനുള്ള വഴികളും ഇന്‍സുലിന്റെ അളവുകളെ പറ്റിയും മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഗേ ഡേറ്റിങ് ആപ്പ് ആയ ഗ്രിന്റര്‍ വഴി പരിചയപ്പെട്ട സുഹൃത്തിനോടൊപ്പം ജീവിക്കാനാണ് ജെസീക്കയെ കൊന്നതെന്നും കോടതി കണ്ടെത്തി.
ജെസീക്കയുടെ മരണത്തോടെ ലഭിക്കുന്ന 2 മില്ല്യണ്‍ പൗണ്ട് വരുന്ന ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കി സുഹൃത്ത് അമിത് പട്ടേലിനോടൊപ്പം ആസ്‌ത്രേലിയയില്‍ പോയി ജീവിക്കാനായിരുന്നു പദ്ധതി.

പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷനല്‍കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച്ച കേസ് പരിഗണിക്കുമ്പോള്‍ മിതേഷിനുള്ള ശിക്ഷ കോടതി വിധിക്കും.

പഠനത്തിനിടെ കണ്ടുമുട്ടിയ ജെസീക്കയും മിതേഷും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.