2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ബി.ജെ.പിക്കെതിരെ സംസാരിച്ച സഹയാത്രികയെ കള്ളക്കേസില്‍ കുടുക്കി തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷ

ചെന്നൈ: കേന്ദ്രസര്‍ക്കാറിനെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്നവരെ അറസ്റ്റു ചെയ്യല്‍ പരമ്പര രാജ്യത്ത് തുടരുന്നു. കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ ഗവേഷകയും എഴുത്തുകാരിയും തമിഴ്‌നാട് സ്വദേശിയുമായ ലോയിസ് സോഫിയയാണ് അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൌന്ദര്‍രാജന്റെ പരാതിയിലാണ് അറസ്റ്റ്. വിമാനത്തില്‍ യാത്ര ചെയ്യവെ, തമിഴിസൈ സൌന്ദര്‍രാജനും ലോയിസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാറിനെയും ബി.ജെ.പിയെയും പ്രതികൂലിച്ചായിരുന്നു ലോയിസ് സംസാരിച്ചത്. തുടര്‍ന്ന്, വിമാനത്താവളത്തില്‍ വച്ച്, ഫാസിസം തുലയട്ടെ എന്ന മുദ്രാവാക്യവും മുഴക്കി. മാപ്പുപറയണമെന്ന് തമിഴിസൈ ആവശ്യപ്പെട്ടെങ്കിലും ലോയിസ് വഴങ്ങിയില്ല.

പിന്നീട് ലോയിസിന് തീവ്രവാദബന്ധമുണ്ടെന്ന് കാണിച്ച് തമിഴിസൈ പരാതി നല്‍കുകയായിരുന്നു. തൂത്തുക്കുടിയില്‍ വച്ച് വൈകിട്ടോടെ ലോയിസിനെ അറസ്റ്റു ചെയ്തു. മകളെ അപമാനിച്ചുവെന്ന് കാണിച്ച്, ലോയിസിന്റെ പിതാവ് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായിട്ടില്ല. തൂത്തുക്കുടി, സേലം  ചെന്നൈ എട്ടുവരി പാത വിഷയങ്ങളില്‍ നിരന്തരമായി സര്‍ക്കാറുകള്‍ക്കെതിരെ ലോയിസ് ലേഖനങ്ങള്‍ എഴുതാറുണ്ട്.

കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, കവി വരവരറാവു ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.