2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ബി.ജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കിയ ലോയിസ് സോഫിയക്ക് ജാമ്യം

ചെന്നൈ: ബി.ജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റ് ചെയ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ലോയിസ് സോഫിയക്ക് ജാമ്യം. ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൌന്ദര്‍രാജന്റെ പരാതിയിലാണ് ലോയിസിനെ അറസ്റ്റ് ചെയ്തിരുന്നത്്. തമിഴ്‌നാട് സ്വദേശിയായ ഇവര്‍ കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ ഗവേഷകയാണ്.

വിമാനത്തില്‍ യാത്ര ചെയ്യവെ, തമിഴിസൈ സൌന്ദര്‍രാജനും ലോയിസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാറിനെയും ബി.ജെ.പിയെയും പ്രതികൂലിച്ചായിരുന്നു ലോയിസ് സംസാരിച്ചത്. തുടര്‍ന്ന്, വിമാനത്താവളത്തില്‍ വച്ച്, ഫാസിസം തുലയട്ടെ എന്ന് ലോിസ് മുദ്രാവാക്യവും മുഴക്കി. മാപ്പുപറയണമെന്ന് തമിഴിസൈ ആവശ്യപ്പെട്ടെങ്കിലും ലോയിസ് വഴങ്ങിയില്ല.

പിന്നീട് ലോയിസിന് തീവ്രവാദബന്ധമുണ്ടെന്ന് കാണിച്ച് തമിഴിസൈ പരാതി നല്‍കുകയായിരുന്നു. തൂത്തുക്കുടിയില്‍ വച്ച് വൈകിട്ടോടെയാണ് ലോയിസിനെ അറസ്റ്റു ചെയ്തത്. കലാപത്തിനു പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണു ഇവര്‍ക്കെതിരെ ചുമത്തിയത്. സോഫിയയ്ക്കു പിന്തുണയുമായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

മകളോടു തമിഴസൈ സൗന്ദര്‍രാജന്‍ അടക്കുള്ള ബി.ജെ.പി നേതാക്കള്‍ മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി സോഫിയയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ സോഫിയയെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.