2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

ബിജെപിക്ക് തിരിച്ചടി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബംഗാളില്‍ തൃണമൂല്‍

ജയ്പുര്‍:  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ മൂന്നു സീറ്റുകളില്‍ ഒന്നില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്. മണ്ഡല്‍ഗഡിലാണ് കോണ്‍ഗ്രസ് സീറ്റുറപ്പിച്ചത്. അല്‍വാറിലും അജ്മീറിലും പാര്‍ട്ടി മുന്നേറുകയാണ്. അല്‍വാറില്‍ 39,000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുള്ളത്. അജ്മീറില്‍ 21000ത്തിലധികം വോട്ടുകളുടെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഘു ശര്‍മയ്ക്കുള്ളത്. ബംഗാളിലെ ഉലുബേരിയ ലോക്‌സഭ മണ്ഡലത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണു ലീഡു ചെയ്യുന്നത്.

39 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള മൂന്നു മണ്ഡലങ്ങളിലുമായി 42 പേരാണു ജനവിധി തേടുന്നത്. അജ്മീറില്‍ 23, ആള്‍വാറില്‍ 11, മണ്ഡല്‍ഗഡില്‍ എട്ട് എന്നിങ്ങനെയാണു സ്ഥാനാര്‍ഥികളുടെ എണ്ണം. അജ്മീര്‍ എം.പി സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എം.പി ചന്ദ്‌നാഥ്, മണ്ഡല്‍ഗര്‍ എം.എല്‍.എ കീര്‍ത്തികുമാരി എന്നിവര്‍ കഴിഞ്ഞ വര്‍ഷം മരിച്ചതിനെത്തുടര്‍ന്നാണു മൂന്നിടങ്ങളിലും ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായിരുന്ന മൂന്നിടങ്ങളിലും കോണ്‍ഗ്രസാണു മുഖ്യ എതിരാളികള്‍.

അതേസമയം, ബംഗാളിലെ നോപാര നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു ജയം. 63,000 വോട്ടുകളുടെ ലീഡിലാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുനില്‍ സിങ്ങ് വിജയിച്ചത്. ഇവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്തും സി.പി.എം മൂന്നാം സ്ഥാനത്തുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.