2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

നിങ്ങളുടെ പേര് ചൊവ്വയിലെത്തിക്കണോ?; ഇനി മണിക്കൂറുകള്‍ മാത്രം

തന്‍ഫി കാദര്‍

 

നിങ്ങളുടെ പേര് ഒരു മൈക്രോചിപ്പിലാക്കി അടുത്തവര്‍ഷം മാര്‍ച്ച് നാലിനു പുറപ്പെടുന്ന ഇന്‍സൈറ്റ് മിഷനില്‍ നാസ ചൊവ്വയില്‍ എത്തിക്കും. ആഗ്രഹമുണ്ടോ?.

ബഹിരാകാശത്തെ അത്ഭുതങ്ങളുടെ കലവറയായ ചൊവ്വാ ഗ്രഹത്തിലേയ്ക്ക് മനുഷ്യനെയെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമെന്നോണം മറ്റൊരു യജ്ഞത്തിന് ആരംഭം കുറിച്ചിരിക്കുകയാണ് നാസയിപ്പോള്‍.

ചൊവ്വയിലേക്കുള്ള നാസയുടെ അടുത്ത റോബോട്ടിക് ദൗത്യമായ ‘ഇന്‍സൈറ്റ് ലാന്‍ഡര്‍’ ആണ് ഭൂമിയിലെ ജനങ്ങളുടെ പേര് ചൊവ്വയിലെത്തിക്കുന്നത്. ചൊവ്വാ ഗ്രഹത്തെ ഇഷ്ടപ്പെടുന്ന എല്ലാവരും ഈ സംരംഭത്തില്‍ പങ്കാളികളാകണമെന്ന് നാസ അറിയിച്ചിട്ടുണ്ട്.

ഇന്‍സൈറ്റ് ലാന്‍ഡറില്‍ ഒരു മൈക്രോചിപ്പില്‍ ഉള്‍പ്പെടുത്തിയാകും പേരുകള്‍ ചൊവ്വയിലെത്തുക. ഇവിടെ ക്ലിക്ക് ചെയ്ത് പേരും ഇ-മെയില്‍ വിലാസവും നല്‍കിയാല്‍ ഇന്‍സൈറ്റിലെ ബോര്‍ഡിംഗ് പാസ് ലഭിക്കും.

2018 മേയില്‍ നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന റോബോട്ടിക് ലാന്‍ഡര്‍ ദൗത്യമാണ് ഇന്‍സൈറ്റ് (Interior Exploration Using Seismic Investigations Geodesic and Heat Transport- InSight). പേടകത്തിലെ അനുബന്ധ ഉപകരണങ്ങളിലൊന്നിന്റെ തകരാറു കാരണം 2016 മാര്‍ച്ചില്‍ നടത്താനിരുന്ന വിക്ഷേപണം 2018ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 2008ല്‍ നാസ വിജയകരമായി വിക്ഷേപിച്ച ഫിനിക്‌സ് ലാന്‍ഡറില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യതന്നെയാണ് ഇന്‍സൈറ്റിലും ഉപയോഗിക്കുന്നത്.

അതുകൊണ്ടുതന്നെ ദൗത്യത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഇന്‍സൈറ്റിലുള്ള ഒരു സീസ്‌മോമീറ്ററും ഒരു ഹീറ്റ് ട്രാന്‍സ്ഫര്‍ ഉപകരണവും ചൊവ്വയുടെ ഉപരിതലഘടന പരിശോധിക്കും. അതിലൂടെ ഭൂമിയും ചൊവ്വയും ശുക്രനും ബുധനും ഉള്‍പ്പെടെയുള്ള ‘ഭൗമഗ്രഹങ്ങളുടെ ഉല്‍പ്പത്തിപരിണാമ ഘട്ടങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സാധിക്കും.

2010ലാണ് ഇന്‍സൈറ്റ് പദ്ധതി അംഗീകരിക്കപ്പെടുന്നത്. ദൗത്യത്തിന്റെ പേര് ജെംസ് (GEophysical Monitoring Station-GEMS) എന്നായിരുന്നു നല്‍കിയത്. 2012ലാണ് ഇന്‍സൈറ്റ് എന്ന് പുനര്‍നാമകരണം ചെയ്തത്. 2015 മെയ് 27ന് ലാന്‍ഡറിന്റെ നിര്‍മാണം ആരംഭിച്ചു. 2017 മെയ് 19ന് നിര്‍മാണം പൂര്‍ത്തിയായി. ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലാണ് ലാന്‍ഡര്‍ നിര്‍മിച്ചത്.

സാറ്റേണ്‍ 5 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. നാസയുടെ ഇത്തരത്തിലുള്ള ആദ്യ ദൗത്യമായിരുന്ന ഓറിയോണ്‍ ഇഎഫ്ടി 1 വന്‍ വിജയമായിരുന്നു. ആദ്യമായി മനുഷ്യരുടെ പേരുകള്‍ ചൊവ്വയിലെത്തിച്ചത് 2014 ഡിസംബര്‍ 5ന് വിക്ഷേപിച്ച ആളില്ലാത്ത ഈ ദൗത്യവാഹനമായിരുന്നു.

1.38 മില്യണ്‍ ആളുകളാണ് ഓറിയോണില്‍ പേരുകള്‍ രേഖപ്പെടുത്തി ചൊവ്വയിലേയ്ക്കയച്ചത്. 2020 ഓടെ മനുഷ്യരെ ചുവന്ന ഗ്രഹത്തിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ദൗത്യങ്ങള്‍ പരിഗണിക്കപ്പെടുന്നത്. ഇതുവരെ 2145289 പേരാണ് ബോര്‍ഡിങ് പാസ് കരസ്ഥമാക്കിയത്. ഇതില്‍ 129935 പേര്‍ ഇന്ത്യക്കാരാണ്. നവംബര്‍ ഒന്ന് രാത്രി 11.59 വരെ ബോര്‍ഡിങ് പാസുകള്‍ ലഭിക്കുമെന്ന് നാസ അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.