2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

നര്‍സിങിന്റെ ഒളിംപിക്‌സ് സ്വപ്നം അസ്തമിച്ചെന്ന് കായിക മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന്റെ ഒളിംപിക്‌സ് പങ്കാളിത്തമെന്ന പ്രതീക്ഷ ഏറെക്കുറേ അവസാനിച്ചതായി കായിക മന്ത്രി വിജയ് ഗോയല്‍. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. റിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് 119 പേരായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ നര്‍സിങടക്കം 120 പേര്‍ മത്സരിക്കുമെന്നു കായിക മന്ത്രാലയം അറിയിച്ചിരുന്നു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിക്കു കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നര്‍സിങിന്റെ വിഷയത്തില്‍ വാഡയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ താരത്തിനു അപ്പീലിനു പോവാന്‍ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
 റിയോയില്‍ 74 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നര്‍സിങായിരുന്നു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) സോനപേട്ടിലെ സായി കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ അഞ്ചിനു നടത്തിയ ഉത്തേജക പരിശോധനയിലാണ് നര്‍സിങ് പരാജയപ്പെട്ടത്. യാദവിന്റെ എ സാംപിളും ബി സാംപിളും പരിശോധിച്ചപ്പോള്‍ രണ്ടും പോസിറ്റീവായിരുന്നു.
നേരത്തെ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനു പരുക്കേറ്റതിനെ തുടര്‍ന്നു ട്രയല്‍സില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് സുശീല്‍ കുമാറിനു പകരം നര്‍സിങിനെ ഒളിംപിക്‌സ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അവകാശവാദവുമായി സുശീല്‍ രംഗത്തെത്തിയതും നേരത്തെ വിവാദമായിരുന്നു. പിന്നീട് കോടതി നര്‍സിങിനാണ് യോഗ്യതയെന്നു വിധിക്കുകയായിരുന്നു. ഉത്തേജക പരിശോധനാ ഫലം എതിരായതോടെ നര്‍സിങ് പുറത്താകലിന്റെ വക്കിലാണ്. 

സി.ബി.ഐ അന്വേഷിക്കണം: നര്‍സിങ്

ഉത്തേജക പരിശോധനാ ഫലം പോസിറ്റിവാണെന്ന അറിവ് തന്നില്‍ ഞെട്ടലുളവാക്കിയതായി നര്‍സിങ് യാദവ്. തനിക്കെതിരായ ഗൂഢാലോചനയാണിത്. വിഷയം സി.ബി.ഐ അന്വേഷിക്കണമെന്നും യാദവ് വ്യക്തമാക്കി. തനിക്ക് നീതി ലഭിക്കണമെന്നു ആവശ്യപ്പെട്ട് ഫെഡറേഷനു കത്തയച്ചതായും നര്‍സിങ് പ്രതികരിച്ചു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തന്നെ കുടുക്കിയതാണെന്നും നര്‍സിങ് നേരത്തെ പറഞ്ഞിരുന്നു.

സഹ താരവും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു

സോനാപേട്ടിലെ സായി സെന്ററില്‍ നര്‍സിങിനൊപ്പം താമസിക്കുന്ന സഹ താരം സന്ദീപ് യാദവും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. 66 കിലോ റോമന്‍ ഗുസ്തി വിഭാഗത്തില്‍ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് സന്ദീപ്. താരത്തിന്റെ പരിശോധനാ ഫലും പോസിറ്റീവായിരുന്നു.

 

യാദവ്  ഒളിംപിക്‌സില്‍ പങ്കെടുക്കും: ഡബ്ല്യു.എഫ്.ഐ  

നര്‍സിങ് യാദവിന്റെ ഉത്തേജക ഫലം പോസിറ്റീവായത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും താരം തീര്‍ത്തും നിരപരാധിയാണെന്നും ഡബ്ല്യു.എഫ്.ഐ പ്രസിഡന്റ് ബുഷന്‍ ശരണ്‍ സിങ്ങ്. താരത്തിനെതിരേ അനീതി നടപ്പിലായെന്നും അപ്പീലിലൂടെ ഒളിംപിക്‌സില്‍ പങ്കെടുക്കാമെന്നാണ് പ്രതീക്ഷയെന്നും ശരണ്‍ സിങ്ങ് പറഞ്ഞു. ഒളിംപിക്‌സിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താരത്തെ വിലക്കുന്നത് അദ്ദേഹത്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ മാത്രമാണെന്നും സിങ് വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.