2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

മോദിയുടെ നീതിനിഷേധത്തിനേറ്റ തിരിച്ചടി

നിലവിലുള്ള ഭരണഘടന അനുസരിച്ചു ക്രമസമാധാനം, പൊലിസ്, ഭൂമി എന്നീ മൂന്നു വിഷയങ്ങളില്‍ മാത്രമേ കേന്ദ്രത്തിനു ഡല്‍ഹി സര്‍ക്കാരിന് മേല്‍ അധികാരമുള്ളൂ. ഇത്രയെ മറ്റു സംസ്ഥാനങ്ങളുമായി ഡല്‍ഹിക്ക് വ്യത്യാസമുള്ളൂ.പക്ഷെ നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തു മുന്‍പ് ഡല്‍ഹിക്കുണ്ടായിരുന്ന നിരവധി അധികാരങ്ങള്‍ 2015 മെയ് മാസത്തില്‍ ഒരു വിജ്ഞാപനം വഴി കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തു.

 

സി.ആര്‍ നീലകണ്ഠന്‍ 99446496332

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കെജ്‌രിവാള്‍ സര്‍ക്കാരിന് നിയമം നിര്‍മിക്കാനും അതനുസരിച്ചു ഭരിക്കാനുമുള്ള അധികാരം കവര്‍ന്നെടുത്ത കേന്ദ്രസര്‍ക്കാരിന്റെ അമിതാധികാര നടപടി ചോദ്യം ചെയ്യുന്നതിനെ കേവലം അധികാരത്തര്‍ക്കമായി ചുരുക്കിക്കണ്ട് ഇരുവശത്തും തെറ്റുണ്ടെന്നു സ്ഥാപിക്കാനാണ് ഇവിടത്തെ മുത്തശ്ശി മാധ്യമങ്ങള്‍ ശ്രമിച്ചത്. അതിനാല്‍, അങ്ങനെ ആക്ഷേപിച്ചവര്‍ക്കു കൂടിയുള്ള തിരിച്ചടിയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി. ഈ വിധിയോടെ ജനാധിപത്യത്തിന്റെയും ഫെഡറല്‍ ഘടനയുടെയും അന്തസത്ത ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രിം കോടതി ചെയ്തിരിക്കുന്നത്.

നിയമസഭ പാസാക്കിയ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കാതെ തടഞ്ഞുവയ്ക്കുക, ഉദ്യോഗസ്ഥരെ തന്നിഷ്ടം പോലെ മാറ്റുക തുടങ്ങി ജനങ്ങളുടെ റേഷന്‍ അവകാശം നിഷേധിക്കുന്നത് വരെ എത്തി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ നടപടികള്‍ എന്നായപ്പോഴാണ് നീതിപീഠത്തെ സമീപിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തയാറായത്. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സമയമുള്ള പ്രധാനമന്ത്രി തന്നോട് സംസാരിക്കാന്‍ പോലും തയാറാകാതിരുന്നാല്‍ പിന്നെന്താണ് ഒരു ജനകീയ മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയുക. ഈ വിഷയത്തില്‍ കൃത്യമായ ഒരു തീരുമാനം പറയേണ്ട ഡല്‍ഹി ഹൈക്കോടതി ഗവര്‍ണറുടെ പരമാധികാരം അംഗീകരിച്ചുകൊണ്ട് വിധി പ്രസ്താവിച്ചപ്പോഴാണ് അദ്ദേഹം ഉന്നത നീതിപീഠത്തെ സമീപിച്ചത്. ആ കേസിലെ വിധി യാതൊരുവിധ ശങ്കയ്ക്കും ഇടയില്ലാത്ത വിധത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പരമാധികാരം അംഗീകരിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ വൈ.ബി ചന്ദ്രചൂഡ്, എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, അശോക്ഭൂഷണ്‍ എന്നിവരടങ്ങിയതാണ് ആ ബെഞ്ച്.

എല്‍.ജി എന്നറിയപ്പെടുന്ന ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കേവലം യാന്ത്രികമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഒരു ജനകീയ സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും രാഷ്ട്രപതിക്ക് അയക്കുന്നത് ശരിയല്ല. എല്ലാത്തിനും ഉടക്കിടുന്ന ഒരാളായി ഗവര്‍ണര്‍ നില്‍ക്കരുത്. മന്തിസഭയുമായി ആലോചിച്ചു അവരെ മാനിച്ചു കൊണ്ട് മാത്രമേ ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇവിടെ കോടതി പ്രശ്‌നത്തിന്റെ മര്‍മത്തു തന്നെയാണ് തൊടുന്നത്.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവി നല്‍കാനാകില്ല എന്നും അത് കൊണ്ട് ആം ആദ്മി സര്‍ക്കാരിന് തിരിച്ചടിയായി എന്നും ഈ വിധിയെ വ്യാഖ്യാനിക്കാന്‍ മോദിയെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അവര്‍ ഒന്നറിയുക. ഭരണഘടനയെ വേദപുസ്തകം പോലെ കാണുന്നവരാണ് ആം ആദ്മി പാര്‍ട്ടി. അതിലെ 239 എ.എ വകുപ്പില്‍ പറയുന്നതിനകത്ത് നിന്ന് കൊണ്ട് പ്രവര്‍ത്തിക്കാനുള്ള അധികാരം തന്നെയാണ് പാര്‍ട്ടി ഇവിടെ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ ഒരു ദേശവിരുദ്ധ ആവശ്യമായിട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും അവതരിപ്പിക്കുന്നത്. ജനങ്ങളുടെ ഓര്‍മശക്തിയെ വെല്ലുവിളിക്കുന്നതാണ് ഈ സമീപനം. കാരണം 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ പോലും ഈ ആവശ്യം ബി.ജെ.പി ഉന്നയിച്ചിരുന്നു. പക്ഷെ കേന്ദ്രത്തില്‍ അധികാരം കിട്ടിയപ്പോള്‍ ഓന്തിനെപ്പോലെ നിറം മാറി. ഇപ്പോള്‍ ഈ ആവശ്യം ദേശവിരുദ്ധമായി. കോണ്‍ഗ്രസും 2003 ല്‍ ഇതേ ആവശ്യം അംഗീകരിച്ചിരുന്നു. ഭരണഘടനാഭേദഗതിയില്ലാതെ ഈ മാറ്റം സാധ്യമല്ല എന്നും ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും നന്നായറിയാം.ഡല്‍ഹിയുടെ സംസ്ഥാനപദവി എന്ന രാഷ്ട്രീയാവശ്യത്തിനായി ഇനിയും പോരാട്ടം തുടരുകയും ചെയ്യും.

നിയമസഭയുടെ നിയമപരമായ തീരുമാനങ്ങള്‍ക്ക് കാലതാമസം വരുത്താന്‍ ഗവര്‍ണര്‍ ശ്രമിച്ചാല്‍ അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം നിഷേധിക്കലാണ്, സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളില്‍ കേന്ദ്രം ഇടപെടുന്നതു ശരിയല്ല, മന്ത്രിസഭയുടെ ഉപദേശമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണക്കു ബാധ്യതയുണ്ട്, സര്‍ക്കാരിന്റെ എല്ലാ കാര്യങ്ങളിലും ഗവര്‍ണറുടെ സമ്മതം വേണമെന്നില്ല….ഒരാള്‍ക്കും അധികാരത്തില്‍ അനിയന്ത്രിതമായ പങ്കില്ല. പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായിരിക്കണം ഇവര്‍ തമ്മിലുള്ള ബന്ധം., വാക്കുകളുടെ അര്‍ഥങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുന്നതിനിടയില്‍ ജനങ്ങളുടെ ഇച്ഛയെ നിഷേധിക്കുന്ന രീതി ശരിയല്ല ,കേന്ദ്രവും സംസ്ഥാനങ്ങളും ഭരണഘടനാധിഷ്ഠിതമായ ഫെഡറല്‍ ഘടനയെ അംഗീകരിക്കണം. കൂട്ടുത്തരവാദിത്തമെന്ന തത്വം ഏറെ പ്രധാനപ്പെട്ടതാണ്., നിയമസഭയുടെ നിയമപരമായ തീരുമാനങ്ങളെ ഗവര്‍ണര്‍ വൈകിപ്പിച്ചാല്‍ ഈ കൂട്ടുത്തരവാദിത്തം നഷ്ടമാകും.ഇങ്ങനെ പോകുന്നു വിധിന്യായത്തില്‍ ചീഫ് ജസ്റ്റിസ് എഴുതിയ വരികള്‍.

നിലവിലുള്ള ഭരണഘടന അനുസരിച്ചു ക്രമസമാധാനം, പൊലിസ്, ഭൂമി എന്നീ മൂന്നു വിഷയങ്ങളില്‍ മാത്രമേ കേന്ദ്രത്തിനു ഡല്‍ഹി സര്‍ക്കാരിന് മേല്‍ അധികാരമുള്ളൂ. ഇത്രയെ മറ്റു സംസ്ഥാനങ്ങളുമായി ഡല്‍ഹിക്ക് വ്യത്യാസമുള്ളൂ.പക്ഷെ നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തു മുന്‍പ് ഡല്‍ഹിക്കുണ്ടായിരുന്ന നിരവധി അധികാരങ്ങള്‍ 2015 മെയ് മാസത്തില്‍ ഒരു വിജ്ഞാപനം വഴി കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തു. ഉദ്യോഗസ്ഥരുടെ സേവനചുമതലകള്‍ ഇങ്ങനെ മാറ്റപ്പെട്ടു. അഴിമതി അന്വേഷണവിഭാഗം പൂര്‍ണമായും എടുത്തു മാറ്റി. ഇതോടൊപ്പം ഉദ്യോഗസ്ഥരെ നിയമിക്കാനും മാറ്റാനും അധികാരം ഗവര്‍ണര്‍ക്കു മാത്രമായി. ഇത് സംസ്ഥാന സര്‍ക്കാരിനുണ്ടാക്കിയ തലവേദന ചെറുതായിരുന്നില്ല. നിര്‍ണായക ഭരണചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരെ ഒരു മുന്നറിയിപ്പുമില്ലാതെ ഗവര്‍ണര്‍ പലവട്ടം സ്ഥലം മാറ്റി. ചീഫ് സെക്രട്ടറിയെപ്പോലും ഇങ്ങനെ മാറ്റി. ഇതുവഴി ഉദ്യോഗസ്ഥരുടെ കൂറ് ഗവര്‍ണറോടായി. അവര്‍ മുഖ്യമന്ത്രിയെപ്പോലും അനുസരിക്കാതെയായി. ബി.ജെ.പിയോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ചു. ഇത് വഴി സര്‍ക്കാര്‍ കൊണ്ട് വരുന്ന ജനക്ഷേമ പരിപാടികള്‍ പലതും മുടങ്ങി. ഗവര്‍ണറെ അനുസരിക്കാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ സി.ബി.ഐയെയും പൊലിസിനെയും ഉപയോഗിച്ച് കള്ളക്കേസില്‍പെടുത്തി. മുന്‍പുണ്ടായിരുന്ന ഒരു ചീഫ് സെക്രട്ടറി 2007ല്‍ നടത്തി എന്ന് പറയപ്പെടുന്ന ഒരു അഴിമതിക്കേസില്‍ പ്രതിയാക്കപ്പെട്ടു. അദ്ദേഹം ഇത് ചെയ്തു എന്ന് പറയുന്ന കാലത്തെ ഓഫിസിലോ അന്നത്തെ സഹപ്രവര്‍ത്തകരുടെ ഓഫിസിലോ ഒന്നും അന്വേഷിക്കാതെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുടെ ഓഫിസ് പരിശോധന എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ സി.ബി.ഐ മിന്നല്‍ പരിശോധന നടത്തി. ഏറ്റവുമൊടുവില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെക്കൊണ്ട് സമരാഭാസം നടത്തിച്ചു കൊണ്ട് സൃഷ്ടിച്ച നാടകം വരെ നാം കണ്ടു.

റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുക എന്ന വിപ്ലവകരമായ ജനക്ഷേമ പരിപാടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകാതിരുന്നതിനാലാണല്ലോ മുഖ്യമന്ത്രി അടക്കം അഞ്ചു മന്ത്രിമാര്‍ക്ക് രാജ്ഭവനില്‍ സത്യഗ്രഹമിരിക്കേണ്ടി വന്നത്. ഇരുപതു ലക്ഷത്തിലധികം വരുന്ന വീടുകളിലാണ് ഇങ്ങനെ റേഷന്‍ എത്തിക്കാന്‍ തീരുമാനിച്ചത്. റേഷന്‍ സംവിധാനത്തിലെ ഗുരുതരമായ അഴിമതി മൂലം പലപ്പോഴും അര്‍ഹരായവര്‍ക്ക് അത് കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് ഈ തീരുമാനം .അന്ന് ആ സത്യഗ്രഹത്തിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ വിധി. സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുത്ത തെറ്റായ നടപടിക്കെതിരേ ആയിരുന്നു ആസമരം എന്നതിനാല്‍ അത് തീര്‍ത്തും ന്യായമായിരുന്നു എന്ന് ഇപ്പോള്‍ ആര്‍ക്കും മനസിലാകും.

2016 ഒക്ടോബറില്‍ ഗവര്‍ണര്‍ വഖ്ഫ് ബോര്‍ഡ് പിരിച്ചു വിട്ടു. ഇത് വഖ്ഫ് ഭരണത്തില്‍ നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചു. വഖ്ഫ് ബോര്‍ഡിന്റെ 991 ആസ്തികള്‍ അന്യാധീനപ്പെടുമെന്ന സ്ഥിതിയായി. പലരും അത് നിയമവിരുദ്ധമായി കയ്യടക്കി. പത്തു മാസം മുന്‍പ് ഇതിനുള്ള പരിഹാര നടപടികള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിട്ടും ഇത് വരെ അംഗീകരിച്ചിട്ടില്ല.
യാതൊരു വിധ അധിക പ്രതിഫലവും കൈപ്പറ്റാതെ വകുപ്പ് സെക്രട്ടറിമാരായി എം.എല്‍.എമാരെ നിയമിച്ചു കൊണ്ട് നിയമസഭ പാസാക്കിയ പ്രമേയത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇരുപത് എം. എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടി വരെ എത്തിയത്. കേരളമടക്കം പല സംസ്ഥാനങ്ങളിലും കോടിക്കണക്കിനു രൂപ മുടക്കിയാണ് ഇത്തരം ഇരട്ടപ്പദവികള്‍ നല്‍കുന്നത്. ലോകത്തിനാകെ മാതൃകയാകുന്ന വിധത്തില്‍ പൊതുവിദ്യാഭ്യാസത്തെ വളര്‍ത്തുന്ന ഡല്‍ഹിയില്‍ ഒരു വിദ്യാഭ്യാസ ജില്ലക്ക് ഒരു ഐ.എ.എസ് ഓഫിസറെ നിയമിക്കണമെന്ന് 2017ല്‍ വിദ്യാഭ്യാസ മന്ത്രി സിസോദിയ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടും ഇന്ന് വരെ ഒരു നടപടിയും എടുത്തില്ല. ഡല്‍ഹിയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ 2014ല്‍ നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയ അഴിമതികള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചില്ല. ഡ്യൂട്ടി നിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെടുന്ന സൈനികര്‍ക്കു ഒരു കോടി രൂപ എക്‌സ് ഗ്രീഷ്യ നല്‍കണമെന്ന് 2016 ല്‍ നല്‍കിയ സര്‍ക്കാര്‍ നിര്‍ദേശം ഗവര്‍ണര്‍ തടഞ്ഞു . ആ ഫയല്‍ ഇപ്പോഴും ഉറക്കത്തിലാണ്.

തന്റെ പ്രത്യേക വിധിന്യായത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് പോലെ എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള ഭരണം സാധ്യമായില്ലെങ്കില്‍ രാഷ്ട്രമാണ് പരാജയപ്പെടുന്നത്.പക്ഷെ രാഷ്ട്രമോ ജനതയോ അല്ല തങ്ങളുടെ അഹങ്കാരത്തിനേറ്റ പ്രഹരത്തിനു പകരം ചോദിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന ധാര്‍ഷ്ട്യമാണ് ഇവിടെ മുനയൊടിക്കപ്പെട്ടത്. 2014 ല്‍ ഇന്ത്യയാകെ കീഴടക്കി, കശ്മിര്‍ അടക്കം പലസംസ്ഥാനങ്ങളിലും ഭരണം പിടിച്ച് അശ്വമേധം നടത്തി മുന്നേറിയ ഘട്ടത്തിലാണ് താന്‍ ജീവിക്കുന്ന ഡല്‍ഹിയില്‍ ജനങ്ങള്‍ മുഖമടച്ചു അവര്‍ക്കു അടി നല്‍കിയത്. അതും ചരിത്രത്തില്‍ ഇത് വരെ കാണാത്ത തോല്‍വി. അതിനു ഡല്‍ഹിയിലെ ജനങ്ങളോട് നടത്തിയ പ്രതികാരം ഇനിയും തുടരില്ലെന്നു പ്രത്യാശിക്കാം. ഇത് ഡല്‍ഹിക്കു മാത്രമുള്ള വിധിയല്ല.ഭരണഘടനയുടെ അന്തസത്ത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകുമെന്നു കരുതാം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.