2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നോട്ടുനിരോധന സമയത്തുപോലും മിണ്ടാത്ത കോര്‍പ്പറേറ്റുകള്‍ കടുത്ത ദേഷ്യത്തില്‍; മോദിക്കെതിരെ തുറന്നടിച്ച് ബജാജും ഗോദ്‌റെജും

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളില്‍ കടുത്ത ദേഷ്യത്തിലാണ് രാജ്യത്തെ പണച്ചാക്കുകളും കോര്‍പ്പറേറ്റുകളും. കാരണമെന്ത്? കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും മുന്‍പും കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഫണ്ട് പോയത് ബി.ജെ.പിയിലേക്കായിരുന്നു. പിന്നെങ്ങനെ ദേഷ്യപ്പെടാതിരിക്കും?

ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജാണ് മോദിക്കെതിരെ പരസ്യ വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വാഹന വ്യവസായത്തെ തകര്‍ക്കുന്ന സമീപനമാണ് മോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടായെന്നാണ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അദ്ദേഹം പ്രസംഗിച്ചത്.

‘ഡിമാന്റുമില്ല, സ്വകാര്യ നിക്ഷേപവുമില്ല. പിന്നെ എവിടെ നിന്ന് വികസനം വരും? അത് സ്വര്‍ഗത്തില്‍ നിന്ന് വീഴില്ല. വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് വാഹന വ്യവസായം കടന്നുപോകുന്നത്. കാറും, വാണിജ്യ വാഹനങ്ങളും ടു വീലറുമൊക്കെ കടുത്ത പ്രതിസന്ധിയിലാണ്’- രാഹുല്‍ ബജാജ് പറഞ്ഞു.

സര്‍ക്കാരിന്റെ പല നയങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് പിടിച്ചിട്ടില്ല. സൂപ്പര്‍ പണക്കാര്‍ക്കെതിരെ നികുതി ഈടാക്കിയതും വിദേശ നിക്ഷേപകര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയ സെബി നടപടിയുമടക്കം ഇവരെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

‘സര്‍ക്കാര്‍ പറഞ്ഞില്ലെങ്കിലും ഇല്ലെങ്കിലും കഴിഞ്ഞ മൂന്നു- നാലു വര്‍ഷമായി വലിയ തളര്‍ച്ച നേരിടുകയാണെന്ന് ഐ.എം.എഫും (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) ലോക ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു സര്‍ക്കാരും അവരുടെ സന്തോഷിക്കുന്ന മുഖമാണ് കാണിക്കാന്‍ ശ്രമിക്കുക. പക്ഷെ, യാഥാര്‍ഥ്യം യാഥാര്‍ഥ്യമാണ്’- രാഹുല്‍ ബജാജ് വിമര്‍ശനം തുടര്‍ന്നു.

സര്‍ക്കാരിന്റെ വൈദ്യുത വാഹന നയം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കിയെന്ന് അദ്ദേഹത്തിന്റെ മകന്‍ രാജീവ് ബജാജ് തുറന്നടിച്ചു.

ബജാജ് മാത്രമല്ല, കൂട്ടത്തോടെ രംഗത്ത്

ബജാജ് മാത്രമല്ല മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ഗോദ്‌റജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്‌റജും രംഗത്തെത്തി. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വികസനം അടിസ്ഥാനമാക്കിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത വികസനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ നിക്ഷേപകനും എഴുത്തുകാരനുമായ ബസന്ത് മഹേശ്വരിയും നേരത്തെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു:
‘വൈദ്യുത വാഹനങ്ങള്‍ക്കു മേലുള്ള ജി.എസ്.ടി കുറച്ചതു കൊണ്ട് ഡിമാന്റ് കൂടില്ല. അതിനു വേണ്ടി അടിസ്ഥാന സൗകര്യം പോലും ഇവിടെയില്ല. വൈദ്യുത വാഹനങ്ങള്‍ ചെറിയ വിലയ്ക്ക് കിട്ടുന്നുവെന്ന് കണ്ട് ജനങ്ങള്‍ വാങ്ങണമെന്നില്ല. അതേസമയം, ഇത് വാഹന വിപണിയില്‍ ഇത് പുതിയ സംഘട്ടനമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല’.

2016 ലെ നോട്ടു നിരോധന സമയത്തു പോലും മിണ്ടാതിരുന്ന കോര്‍പ്പറേറ്റുകളാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ, ഇക്വിറ്റി ഇന്റലിജന്‍സ് സി.ഇ.ഒ പൊരിഞ്ചു വേലിയത്തും ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. 5 ട്രില്യണ്‍ ഡോളര്‍ എന്ന സ്വപ്‌നം കൊള്ളാമെന്നും അതൊക്കെ നടക്കുമെങ്കിലും, ഈ ബജറ്റ് പ്രകാരം ആ സമയമാകുമ്പോള്‍ ഇന്ത്യയുടെ ജി.ഡി.പി 4 ശതമാനമായി ഇടിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.