2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

മോദി ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തുന്നു: സൈബര്‍ വിദഗ്ധന്‍

ന്യൂഡല്‍ഹി: ആധാര്‍, ഫെയ്‌സ്ബുക്ക്… സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണ പട്ടികയില്‍ ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ആപ്പും. നരേന്ദ്ര മോദി ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നുണ്ടെന്നാണ് പുതിയ ആരോപണം.

എലിയോട്ട് ആല്‍ഡേഴ്‌സണ്‍ എന്ന പേരിലുള്ള സൈബര്‍ സുരക്ഷാ വിദഗ്ധനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ട്വീറ്റ് പരമ്പര ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അവരറിയാതെ മൂന്നാം പാര്‍ട്ടിക്ക് കൈമാറുന്നുണ്ടെന്നാണ് പ്രധാന ആരോപണം.

മോഡി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മ്മിക്കുന്ന ആളിന്റെ ഉപകരണത്തെകുറിച്ചുള്ള വിവരങ്ങളും അതുപോലെ തന്നെ വ്യക്തി വിവരങ്ങളും അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് ആല്‍ഡേഴ്‌സന്റെ വെളിപ്പെടുത്തല്‍.

ഇതുസംബന്ധിച്ച നിരവധി ട്വീറ്റുകള്‍ അല്‍ഡേഴ്‌സന്‍ പങ്കുവെച്ചിട്ടുണ്ട്. ഏത് ഓപറേറ്റിങ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്നതാണ്, നെറ്റ്‌വര്‍ക്ക് ഏതാണ്, ആരാണ് സേവനദാതാവ് തുടങ്ങിയ ഉപകരണ വിവരങ്ങളും ഇമെയില്‍, ചിത്രം, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് ആല്‍ഡേഴ്‌സന്‍ പറയുന്നു.

വിതരണക്കാര്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും സഹായിക്കുകയും ഡെവലപ്പര്‍മാരെ സഹായിക്കുകയുമാണ് ക്ലെവര്‍ ടാപ് ചെയ്യുന്നത്. വിവരങ്ങള്‍ പുറത്തുവിട്ടതിനു ഒരു മിനിറ്റിനു ശേഷം തന്നെ മോദി ആപ്പ് ഡെവലപ്പര്‍മാര്‍ ബന്ധപ്പെട്ടു. പുതിയ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയാണ് അവര്‍ ചാറ്റ് ചെയ്തതെന്നും ആല്‍ഡേഴ്‌സണ്‍ സ്‌ക്രീന്‍ഷോട്ട് സഹിതം വെളിപ്പെടുത്തി.

മൊബൈല്‍ ഡെവലപ്പ്‌മെന്റ് ലോകത്തിന് അനലറ്റിക്‌സ് സംവിധാനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ സമ്മതമില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആല്‍ഡേഴ്‌സന്‍ പറയുന്നു. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉപഭോക്തക്കളുടെ സമ്മതം ആവശ്യമാണ്. അത് തീരുമാനിക്കാനുള്ള സൗകര്യം അവര്‍ക്ക് നല്‍കണം.

മാത്രവുമല്ല ഉപയോക്താക്കളുടെ അനുമതിയില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറിന്റെ നിബന്ധനകള്‍ക്ക് എതിരാണെന്നും ആല്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.