2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

‘നജീബ് എവിടെ’… കണ്ണീരണിഞ്ഞ് ഉമ്മയും പെങ്ങളും

അഭയ്കുമാര്‍

സാക്കിര്‍നഗര്‍ സാധാരണപോലെ ജനത്തിരക്കില്‍ അമര്‍ന്നുകഴിഞ്ഞിരുന്നു. തിങ്ങിനിറഞ്ഞ കബാബ് മക്കാനികളില്‍നിന്നുമുയരുന്ന പുക കാരണം അന്തരീക്ഷം കറുത്തിരുന്നു. കുതിച്ചുപായുന്ന വാഹനങ്ങളുടെ ഹോണ്‍ശബ്ദം അലോസരങ്ങളുയര്‍ത്തുന്നു.  നഗരത്തിലെ ഒരു ഓട്ടോയിലിരിക്കുകയാണ് സഹനശക്തി നഷ്ടപ്പെട്ട ആ ഉമ്മയും അവരുടെ മകളും ഞാനും.

ഓട്ടോ ജാമിഅ മില്ലിയ്യയുടെ മുമ്പിലെത്തിയപ്പോള്‍ ഒരു ഇടവഴി ചൂണ്ടിക്കാട്ടി വലത്തോട്ടു തിരിയാന്‍ ആ സ്ത്രീ ഡ്രൈവറോടു പറഞ്ഞു. ഓട്ടോ നൂറുമീറ്റര്‍ പിന്നിട്ട് ഒരു വീടിന്റെ ഗേറ്റില്‍ ചെന്നുനിന്നു. അലമുറയിട്ടുകൊണ്ട് ആ സ്ത്രീ പുറത്തിറങ്ങി വീട്ടിലേക്ക് ഓടി. ”അല്ലാഹുവേ… എന്റെ നജീബില്ലാതെയാണല്ലോ ഇന്നും ഈ വീട്ടിലേക്കു മടങ്ങുന്നത്.” അവര്‍ വിലപിച്ചുകൊണ്ടിരുന്നു.
ഉറ്റവരും ഉടയവരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. സ്വീകരണമുറിയിലെ സോഫയില്‍  അവര്‍ക്കരികിലായി അവരുടെ രണ്ടുപെണ്‍മക്കളും ഞാനും ഇരുന്നു. ദൈവത്തിന്റെ കരുണയും കൃപയും സൂചിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ  വചനങ്ങള്‍ ആ ചുവരുകളില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. ഒരു പെണ്‍കുട്ടി ഒരു ഗ്ലാസ് വെള്ളം അവര്‍ക്കു നല്‍കിയെങ്കിലും അവരതു കുടിക്കാന്‍ കൂട്ടാക്കിയില്ല. അതിനെല്ലാം മീതെയായിരുന്നു അവരുടെ ചിന്തയും ആലോചനയും.

ജെ.എന്‍.യു കാംപസില്‍നിന്നു കാണാതായ ബയോ-ടെക്‌നോളജി വിദ്യാര്‍ഥി നജീബിന്റെ ഉമ്മ ഫാത്തിമ നഫീസയാണിത്. അവര്‍ക്കൊപ്പമുണ്ടായിരുന്നത് നജീബിന്റെ മൂത്തസഹോദരി സദാഫ് മുഷറഫും. പ്രതീക്ഷ കൈവിടാതെയാണു നജീബിനെയും തേടിക്കൊണ്ട് എന്നും രാവിലെ ഇവര്‍ വീട്ടില്‍നിന്നിറങ്ങാറുള്ളത്. തിരിച്ചെത്തുന്നത് നിരാശ നിഴലിച്ച മുഖവുമായാണ്. ഡല്‍ഹി പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിത്യവും  നടക്കുന്ന പ്രതിഷേധപ്രകടനത്തില്‍ നഫീസയും സദാഫും പങ്കെടുക്കാറുണ്ട്.
നജീബിനും കുടുംബത്തിനുംവേണ്ടി മുഴങ്ങുന്ന മുറവിളികള്‍ക്കു സാക്ഷ്യംവഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നുമാത്രമാണ് ഡല്‍ഹി പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്. നജീബിനെ കാണാതായതു മുതല്‍ പഠിപ്പുമുടക്കിയും വി.സിയുടെ ഓഫിസ് ഉപരോധിച്ചും ആഭ്യന്തരമന്ത്രാലയത്തിലേക്കു മാര്‍ച്ച് നടത്തിയും മനുഷ്യച്ചങ്ങല തീര്‍ത്തും ഹിന്ദുത്വഗവണ്‍മെന്റിന്റെയും പൊലിസിന്റെയും യൂനിവേഴ്‌സിറ്റി അധികൃതരുടെയും നിഷ്‌കൃയത്വത്തിനും ഉദാസീനതയ്ക്കുമെതിരേ ഒറ്റക്കെട്ടായി പൊരുതുകയാണ് അവന്റെ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍.

അടുത്ത ബന്ധുക്കളേക്കാള്‍ കൂടുതല്‍ നജീബിനോടു സ്‌നേഹവും അടുപ്പവും കാണിക്കുന്നത് സുഹൃത്തുക്കളാണെന്ന കാര്യമാണ് എനിക്കു മനസ്സിലായത്. നജീബിന്റെ സഹോദരിയുടെ വാക്കുകളില്‍ ജെ.എന്‍.യു വിദ്യാര്‍ഥികളോടുള്ള കൃതജ്ഞത തെളിഞ്ഞുകാണാമായിരുന്നു.  ജെ.എന്‍.യു അധികൃതരുടെ, പ്രത്യേകിച്ച്, വി.സി ജഗദീശ് കുമാറിന്റെ നിസ്സംഗതയാണ് അവരെ നിരാശപ്പെടുത്തിയത്.
ഒക്ടോബര്‍ പതിനെട്ടിന് വി.സിയെ ചെന്നുകണ്ടപ്പോഴുണ്ടായ അനുഭവം നജീബിന്റെ സഹോദരി ഇങ്ങനെ വിവരിച്ചു: ”ഏറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്. ഒന്നരമണിക്കൂര്‍ സംസാരിച്ചിട്ടും സംഭവത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തില്ല. പല ചോദ്യങ്ങള്‍ക്കും ഉത്തരം തന്നില്ല. അവിടെയിരിക്കുന്ന ഉദ്യോഗസ്ഥരോടു ചോദിക്കാന്‍പറഞ്ഞ് എന്നെ കൊച്ചാക്കുകയായിരുന്നു.”
”തൊട്ടടുത്ത ദിവസം ഞങ്ങളൊരുകൂട്ടം വിദ്യാര്‍ഥികളുമായി സംഘടിച്ചു വി.സിയുടെ ഓഫിസിനുമുമ്പില്‍ ഒരുപാടു കണ്ണീരൊഴുക്കി. വി.സിയുടെ നിരുത്തരവാദിത്വപരമായ സമീപനങ്ങളാണ് പ്രശ്‌നങ്ങളുടെ സങ്കീര്‍ണത കൂട്ടുന്നത്. അദ്ദേഹം മനസ്സുവച്ചാല്‍ രംഗം ശാന്തമാക്കി എന്റെ മകനെ തിരിച്ചുനല്‍കാന്‍ കഴിയും” -അവന്റെ ഉമ്മ പറഞ്ഞു.

നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മീഡിയയുടെ ഇടപെടല്‍ എത്രത്തോളമുണ്ടായിരുന്നു എന്നതായി പിന്നീട് ഞങ്ങളുടെ ചര്‍ച്ച. മീഡിയ പൊതുവെ മൗനംപാലിക്കുകയാണു ചെയ്തത്. ചില പത്രങ്ങള്‍ സംഭവത്തെ കവര്‍ ചെയ്‌തെങ്കിലും ചാനലുകള്‍ പൂര്‍ണമായും അവഗണിച്ചുവെന്ന് നജീബിന്റെ ഉമ്മ പറഞ്ഞു. ”വിദ്യാര്‍ഥികള്‍ അവരുടെ സ്വന്തം രക്ഷിതാക്കളോടു പെരുമാറുന്നതുപോലെയാണു ഞങ്ങളോടു പെരുമാറുന്നത്. പ്രതിഷേധസ്ഥലങ്ങളില്‍ അവര്‍ ഞങ്ങള്‍ക്കു രക്ഷാകവചം തീര്‍ക്കുന്നു.”
പഠനത്തില്‍ ഗൗരവം കാണിക്കുന്നവനാണു നജീബെന്ന്  ഉമ്മ പറഞ്ഞു. രാജ്യത്തെ നാലു പ്രമുഖ പ്രവേശനപരീക്ഷകളില്‍ മികച്ചവിജയം കൈവരിച്ചു. ജെ.എന്‍.യു തിരഞ്ഞെടുത്തത് എന്റെ ആഗ്രഹത്തിനെതിരായാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ജെ.എന്‍.യുവില്‍ നടന്ന കോലാഹലങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ കണ്ണീരോടെ പറഞ്ഞു. തിരോധാനത്തനു ദിവസങ്ങള്‍ക്കു മുന്‍പ്  ഹോസ്റ്റല്‍ മുറിയിലെ മൂട്ടശല്യങ്ങളെക്കുറിച്ച് അവന്‍ പറഞ്ഞപ്പോള്‍ ‘നിന്റെ പപ്പ അവിടെ വന്ന് മുഴുവനും വൃത്തിയാക്കിത്തരു’മെന്നു താന്‍ ഉറപ്പു നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞു.
യാത്രപറയാന്‍ നേരത്ത്  അസ്വസ്ഥതയും ക്ഷീണവും ഒരുപോലെ അനുഭവിക്കുന്ന ആ ഉമ്മയുടെ ചുണ്ടുകളില്‍നിന്നു ഈ വാക്കുകള്‍ ഉയരുന്നതു കേള്‍ക്കാമായിരുന്നു. ‘റബ്ബേ… എന്റെ നജീബിനെ തിരിച്ചു നല്‍കേണമേ… ‘


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News