2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

നാഥനില്ല; അടി തുടങ്ങി

യു.എച്ച് സിദ്ദീഖ്

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയതോടെ നാഥനില്ലാക്കളരിയായി സംസ്ഥാന ഭരണം. ദുരിതാശ്വാസപ്രവര്‍ത്തനത്തിലെ അപാകതയും ധനസഹായ വിതരണത്തിലെ മെല്ലെപ്പോക്കും പ്രളയബാധിതരെ ആശങ്കയിലാഴ്ത്തിയിരിക്കെയാണ് സി.പി.എം മന്ത്രിമാരുടെ തമ്മിലടിയും കൊഴുക്കുന്നത്. 

സര്‍ക്കാര്‍വക ആഘോഷങ്ങള്‍ വേണ്ടെന്ന തീരുമാനം മന്ത്രിമാര്‍തന്നെ വിവാദമാക്കിയതോടെ പതിവ് മന്ത്രിസഭാ യോഗം വരെ ഉപേക്ഷിക്കേണ്ടിവന്നു. മന്ത്രിസഭയിലേക്ക് രണ്ടാമനായുള്ള ഇ.പി ജയരാജന്റെ കടന്നുവരവും ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ ഒതുക്കാനുള്ള നീക്കവും മന്ത്രിമാര്‍ക്കിടയിലെ കലഹത്തിന് ആക്കംകൂട്ടി.
മന്ത്രിസഭ ചേരുന്നതിനുപകരം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപംനല്‍കിയ മന്ത്രിസഭാ ഉപസമിതി യോഗംചേര്‍ന്ന് തീരുമാനമെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ധനമന്ത്രിയെ ഒഴിവാക്കിയാണ് മുഖ്യമന്ത്രി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. ഇതോടെ തോമസ് ഐസക് ഭരണകാര്യങ്ങളില്‍ സ്വന്തംവഴിക്ക് നീങ്ങുകയാണ്. കുട്ടനാട്ടിലെ പമ്പിങ്ങിന്റെ പേരില്‍ ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും തമ്മിലുള്ള പരസ്യവിഴുപ്പലക്കല്‍ മറ്റു സി.പി.എം മന്ത്രിമാര്‍ക്കും പോരിനുള്ള ധൈര്യമേകി.
സ്വന്തം വകുപ്പുകളിലെ കാര്യങ്ങളില്‍ തങ്ങളോട് ആലോചിക്കാതെ ഉത്തരവിറക്കിയതാണ് മന്ത്രിമാരായ എ.കെ ബാലനെയും കടകംപള്ളി സുരേന്ദ്രനെയും ചൊടിപ്പിച്ചത്. ആഘോഷങ്ങള്‍ വേണ്ടെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും രംഗത്തുവന്നു.
ആഘോഷങ്ങളുടെ കാര്യത്തില്‍ മന്ത്രിമാരുടെ എതിര്‍പ്പ് വകവയ്‌ക്കേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫിസും മന്ത്രി ഇ.പി ജയരാജനും. എന്നാല്‍ പ്രളയത്തിനുശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം, പുനര്‍നിര്‍മാണം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ തീരുമാനങ്ങള്‍ വൈകുകയാണ്. ക്യാപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന പ്രഖ്യാപനം കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല. ഭൂരിപക്ഷം പേര്‍ക്കും ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല.
ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങളല്ലാതെ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. മുഖ്യമന്ത്രി ചികിത്സക്കുപോയതോടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നീര്‍ജീവമായ സ്ഥിതിയിലാണ്. മുഖ്യമന്ത്രി സ്വന്തം വകുപ്പുകളുടെ ചുമതല മറ്റാര്‍ക്കും കൈമാറാത്തതിനാല്‍ തീരുമാനങ്ങളെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയും പ്രശ്‌നം വഷളാക്കുന്നു.
മന്ത്രിമാരുടെ ഏകോപനമില്ലായ്മയും സര്‍ക്കാരിന് തലവേദനയായി മാറി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പൂച്ചയെപോലെ പതുങ്ങിയ മന്ത്രിമാര്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പരസ്പരം പോരിനിറങ്ങിയത് തടയാന്‍ സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല.
ഷൊര്‍ണൂര്‍ എം.എല്‍.എയായ പി.കെ ശശിക്കും ഡി.വൈ.എഫ്.ഐ നേതാവിനുമെതിരേ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങള്‍ സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിനെയും ബാധിച്ചു.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.