2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോദിജീ, ഞങ്ങള്‍ വിശ്വസിക്കാം, പക്ഷെ…

എന്‍. അബു

 

 

19 ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ കാണാതായതിനെപ്പറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരമുണ്ടായില്ല. നാടു ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ ആ ആരോപണം ശ്രദ്ധിച്ചതുമില്ല. പ്രീപോള്‍ സര്‍വേകള്‍ മിക്കതും പ്രവചിച്ച മൃഗീയ ഭൂരിപക്ഷം ഉറപ്പിച്ച പ്രധാനമന്ത്രി, വോട്ടെടുപ്പുകളൊക്കെ കഴിഞ്ഞതോടെ കേദാര്‍നാഥിലെ ഗുഹയില്‍ ഭജനയിരിക്കാനാണ് പോയത്. ധ്യാനത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ അതിനു തുനിയുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഏകാന്ത ധ്യാനമെന്നു പറഞ്ഞ് കാഷായ വസ്ത്രമണിഞ്ഞു മലകയറി ഗുഹയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച പ്രധാനമന്ത്രി, അതൊക്കെയും മാധ്യമങ്ങളില്‍ ചിത്രമായി വരത്തക്കവിധം ആവശ്യമായ ചട്ടവട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതാണ് നമുക്കു കാണേണ്ടിവന്നത്.
വോട്ട് വീണുകഴിഞ്ഞ യന്ത്രങ്ങള്‍ തനിക്കെതിരേ ഒരു പ്രശ്‌നമാക്കരുതേ തമ്പുരാനേ എന്ന് മോദി ദൈവത്തോടു പ്രാര്‍ഥിച്ചിരിക്കണം. അതിന്റെ ഫലവും കണ്ടു. 542 അംഗ ലോക്‌സഭയില്‍ ഭാരതീയ ജനതാപാര്‍ട്ടി തനിച്ചുതന്നെ 302 സീറ്റ് നേടി. കഴിഞ്ഞ തവണത്തേക്കാള്‍ 21 എണ്ണം കൂടുതല്‍. ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 349 സീറ്റിന്റെ അവകാശികളായി. എന്നാല്‍, കഴിഞ്ഞ തവണത്തേക്കാള്‍ എട്ടു സീറ്റ് വര്‍ധിപ്പിച്ചിട്ടും കോണ്‍ഗ്രസിന് ഔദ്യോഗിക പ്രതിപക്ഷമാകാനുള്ള സീറ്റ് തികയ്ക്കാനായില്ല. 13 സംസ്ഥാനങ്ങളിലും ഒമ്പതു കേന്ദ്രഭരണ പ്രദേശങ്ങളിലും പൂജ്യത്തില്‍ കൈകോര്‍ത്ത് നില്‍ക്കാന്‍ മാത്രമേ നൂറ്റാണ്ടു പഴക്കമുള്ള ആ ദേശീയ കക്ഷിക്ക് സാധിച്ചുള്ളൂ. പലയിടങ്ങളില്‍ പല കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടും 15 സീറ്റ് സ്വന്തമായി കരസ്ഥമാക്കാന്‍ കഴിഞ്ഞതു കേരളത്തില്‍ മാത്രം.

ധ്യാനം കഴിഞ്ഞ് ഭരണഘടനയ്ക്ക് മുത്തമിട്ട് അധികാരസോപാനത്തിലേക്ക് വലിയ ഒരു എഴുന്നള്ളത്ത് തന്നെ നടത്തി, ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞുമാത്രം ജനിച്ച നരേന്ദ്ര ദാമോദര്‍ദാസ് മോദി. ലോക്‌സഭയിലേക്ക് ജയിച്ച വര്‍ഷം തന്നെ ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട വ്യക്തിയാണദ്ദേഹം. 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേറി, 2014ല്‍ രാജ്യം ഭരിക്കാനെത്തിയ ആളായി. ആര്‍.എസ്.എസ് ആയി പ്രവര്‍ത്തനം തുടങ്ങിയ മോദി ഇത്തവണ ജയിച്ചപ്പോള്‍ അദ്ദേഹത്തിന് മനം മാറ്റമുണ്ടായോ എന്നും ധ്യാനം അതിനു വഴിവച്ചുവോ എന്നുമുള്ള തോന്നല്‍ പലര്‍ക്കുമുണ്ടായി.
ഭരണഘടനയെ തൊട്ടുവന്ദിച്ചു പാര്‍ലമെന്റിന്റെ പടികള്‍ കയറിയ അദ്ദേഹം തീരെ ശുഷ്‌കിച്ചു പോയ പ്രതിപക്ഷത്തിനുപോലും ആശ്വാസത്തിന്റെ വാക്കുകള്‍ നല്‍കുന്നതു കേട്ടു. എണ്ണക്കുറവില്‍ വിഷമിക്കേണ്ട, എല്ലാവരുടെയും ശബ്ദം കേള്‍ക്കാം എന്നദ്ദേഹം പറഞ്ഞു. സ്വന്തം കക്ഷിക്കാരോടായി അദ്ദേഹം പറഞ്ഞതാകട്ടെ, താന്‍ ബി.ജെ.പിയുടെ നേതാവാണെങ്കിലും ഇന്ത്യയുടെ മൊത്തം പ്രധാനമന്ത്രി തന്നെ ആണെന്നുമാണ്. ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി.
130 കോടി ജനങ്ങളുള്ള നമ്മുടെ മഹത്തായ രാജ്യത്ത് 80 ശതമാനവും ഹിന്ദുമതവിശ്വാസികളാണെന്നത് നേര്. എന്നാല്‍ ഒരു മതേതര ഭരണഘടന അംഗീകരിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണിത്. ക്രൈസ്തവ ജനസംഖ്യ 2.3 ശതമാനവും സിഖ് ജനസംഖ്യ 1.7 ശതമാനവും മാത്രമുള്ളപ്പോള്‍ ഇസ്‌ലാം മതവിശ്വാസികളുടെ എണ്ണം 14.2 ശതമാനം. ലോകത്ത് ഏതു മുസ്‌ലിം രാഷ്ട്രത്തിലും ഉള്ളതിനേക്കാള്‍ ഇസ്‌ലാം മതവിശ്വാസികള്‍ ഇവിടെയാണ്. മുസ്‌ലിം ജനസംഖ്യയില്‍ ഇന്തോനേഷ്യ മാത്രമാണ് ഇന്ത്യക്കു മുന്നില്‍.
എന്നാല്‍ ഈ വന്‍ ന്യൂനപക്ഷത്തെ ശത്രുപക്ഷത്തു നിര്‍ത്താനും പാകിസ്താനിലേക്ക് ആട്ടിപ്പായിക്കാനും കച്ചകെട്ടിയിറങ്ങിയ ഒരു പ്രസ്ഥാനത്തിന്റെ വക്താക്കളുടെ കൈകളിലാണ് ഇന്ന് ഇന്ത്യാഭരണം. ന്യൂനപക്ഷങ്ങള്‍ ഇനിയും ഭയപ്പെടാതെ നില്‍ക്കണമെന്ന് മോദി ആഹ്വാനം ചെയ്തതു കേട്ടപ്പോള്‍, മഹാത്മാഗാന്ധി വിഭാവനം ചെയ്ത, പണ്ഡിറ്റ്ജി രൂപകല്‍പന നിര്‍വഹിച്ച, അംബേദ്കര്‍ സ്വപ്നം കണ്ട മതേതര റിപബ്ലിക്ക് സാര്‍ഥകമാകുന്നുവെന്ന തോന്നലുണ്ടായിരുന്നു.

എന്നാല്‍ പലയിടങ്ങളിലായി ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രോശങ്ങളും ആക്രമണങ്ങളും തുടരുന്ന കാഴ്ചയാണ് കാണുന്നത്. പ്രജ്ഞാസിങ് താക്കൂറിനെപ്പോലെ മതനിന്ദ ജീവിതശൈലിയാക്കി മാറ്റിയ ഒരു വനിതയെ പാര്‍ട്ടി ടിക്കറ്റ് നല്‍കി ജയിപ്പിക്കുന്നു. ബംഗാളില്‍ നിന്നുള്ള സ്വന്തം പാര്‍ട്ടിക്കാരുടെ സത്യപ്രതിജ്ഞാ വേളയില്‍ മാത്രമല്ല, ഇന്ത്യയില്‍ ജനിച്ച തനിക്ക് ഇന്ത്യയില്‍ തന്നെ മരിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഹൈദരാബാദുകാരനായ അസദുല്ല ഉവൈസി സത്യപ്രതിജ്ഞ എടുക്കുമ്പോള്‍പോലും ജയ്ശ്രീറാം വിളികള്‍ ഉയര്‍ത്തി, പാര്‍ലമെന്റ് സമ്മേളനം പോലും ആദ്യനാള്‍ തന്നെ ബി.ജെ.പി ടിക്കറ്റില്‍ ജയിച്ചുവന്നവര്‍ അലങ്കോലപ്പെടുത്തുന്നതാണ് കണ്ടത്.

മുത്വലാഖ് നിയമം കൊണ്ടുവരുന്ന ഭരണകക്ഷി, വനിതാസംരക്ഷണമാണ് കാരണമായി പറയുന്നത്. എങ്കിലും യശോദാബെന്‍ എന്ന ഒരു നാട്ടുകാരിയെ പതിനെട്ടാം വയസില്‍ വിവാഹം ചെയ്തിട്ട്, ഇപ്പോള്‍ അവര്‍ എവിടെ നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രിയോ പാര്‍ട്ടിക്കാരോ ആരോടും പറയുന്നില്ല. പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പും വിജയം വരിച്ച ശേഷവും വയോധികയായ തന്റെ മാതാവിനെകണ്ട് ആശീര്‍വാദം വാങ്ങിയ മോദി, സ്വന്തം പ്രിയതമയെ ഒന്നു ഫോണില്‍ വിളിക്കുകകൂടി ചെയ്തില്ല.

ഭരണതലപ്പത്തു വീണ്ടും വരുന്ന മോദി, ഗുജറാത്തിലെ വംശഹത്യയുടെ കാലത്തു തന്നോടൊപ്പം ആരോപണവിധേയനായ അമിത്ഷായെ ആഭ്യന്തര വകുപ്പ് നല്‍കി ഒപ്പം കൂട്ടുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടുകയാണ്. മുസ്‌ലിം ജനസംഖ്യ അതിഭീമമായി വളരുന്നുവെന്ന പ്രചാരണം നടത്തിയാണ് ബഹുഭാര്യാത്വ നിയമത്തിനെതിരായ സ്ത്രീ സുരക്ഷ എന്ന പേരില്‍ മുത്വലാഖ് ബില്‍ കൊണ്ടുവരുന്നത്.
അങ്ങനെ മൊഴിചൊല്ലിയാല്‍ ആ സ്ത്രീക്കു ഭര്‍ത്താവ് ചെലവ് നല്‍കണമെന്നുപറയുമ്പോള്‍, സിവില്‍ കേസ് ക്രിമിനല്‍കേസാകുന്നു. ഭര്‍ത്താവിനു ജയില്‍ശിക്ഷയാണ് നിയമം വിധിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് അഴികള്‍ക്കുള്ളിലായാല്‍ ആര് ചെലവിനു കൊടുക്കുമെന്നതിനു നിയമത്തില്‍ വകുപ്പൊന്നും കാണുന്നില്ല. മറ്റു പാര്‍ട്ടികളുടെ മിടുക്കു കാരണം പാര്‍ലമെന്റിലെ മുസ്‌ലിം അംഗസംഖ്യ 23ല്‍ നിന്ന് 27 ആയി ഉയര്‍ന്നെങ്കിലും 59 അംഗ മന്ത്രിസഭയില്‍ ഒരൊറ്റ മുഖ്താര്‍ അബ്ബാസ് നഖ്‌വി മാത്രമാണ് ഇസ്‌ലാം മതക്കാരനായി ഉള്ളത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ രാജ്യസഭാംഗം ന്യൂനപക്ഷകാര്യമന്ത്രി ആണെങ്കിലും പാര്‍ട്ടി തീരുമാനം അംഗീകരിക്കാനേ ആ ബി.ജെ.പി നേതാവിനു സാധിക്കുകയുള്ളൂ എന്നതു മുസ്‌ലിം ജനകോടികളുടെ നിര്‍ഭാഗ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.