2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

മക്ക വിളിക്കുന്നു; മദീനയും

എന്‍. അബു

 

ഹിജ്‌റ 1440 എന്ന വര്‍ഷം വിടവാങ്ങുകയാണ്. ഈയാണ്ടിലെ വിശുദ്ധ ഹജ്ജ്കര്‍മം അഞ്ചാഴ്ച അടുത്തെത്തിയിരിക്കുന്നു. വിശുദ്ധനഗരങ്ങളായ മക്കാമുക്കര്‍റമയും മദീന മുനവറയും ദൈവവിളിക്കായി കാതോര്‍ത്തിരിക്കുകയാണ്.
നാലായിരം വര്‍ഷം മുമ്പ് ഒരു പിതാവും പുത്രനും ലോകജനതയ്ക്കായി മരുഭൂമിയില്‍ ഒരു സ്‌നേഹാലയം പണിതിടത്തേയ്ക്ക് 25 ലക്ഷം തീര്‍ഥാടകരെങ്കിലും ഇക്കുറി എത്തിച്ചേരും.
‘നാഥാ, നിന്റെ വിളിക്ക് ഉത്തരം നല്‍കി ഞങ്ങളിതാ വന്നെത്തിയിരിക്കുന്നു.’ എന്ന തല്‍ബിയത്ത് വിളികള്‍ അന്തരീക്ഷമാകെ നിറഞ്ഞു തുടങ്ങി. തൗഹീദിന്റെ തിരുമൊഴികളിറങ്ങിയ പുണ്യഭൂമിയില്‍ വിശ്വാസിലക്ഷങ്ങള്‍ക്ക് ആത്മസായൂജ്യം.

ആഴിയുടെയും ആകാശത്തിന്റെയും അതിരുകള്‍ കടന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെയെല്ലാം ചുണ്ടുകളില്‍ ഒരേയൊരു മന്ത്രമാണുണ്ടാകുക, ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.’ രാജാവും പ്രജയും ധനികനും ദരിദ്രനും വെളുത്തവനും കറുത്തവനുമൊക്കെ ശുഭ്രമായ ഒരു മുണ്ടും ഒരു മേല്‍മുണ്ടുമണിഞ്ഞ് ഇവിടേയ്ക്ക് ഒഴുകും.
ശവ്വാല്‍ മാസ സമാപ്തിയോടെ ഉംറ വിസ നല്‍കുന്നതു നിര്‍ത്തിവച്ചിരിക്കുകയാണ്. ദൈവത്തിന്റെ അതിഥികളായാണു ഹജ്ജ് തീര്‍ഥാടകര്‍ വരുന്നത്. ഉംറ നിര്‍വഹിക്കാന്‍ എത്തിയവര്‍ ഉടനടി സ്ഥലം കാലിയാക്കണമെന്ന അഭ്യര്‍ഥനയും ഹജ്ജ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഹജ്ജിനു മുമ്പായി ഇവരുടെ തിരിച്ചുപോക്ക് എളുപ്പമാക്കാന്‍ 120 വിമാന സര്‍വീസുകള്‍ സഊദി ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
വിമാനം വഴിയും കപ്പല്‍ വഴിയും കരവഴിയും ഇത്തവണ ഉംറ നിര്‍വഹിക്കാന്‍ തീര്‍ഥാടക പ്രവാഹമുണ്ടായി. 76 ലക്ഷത്തിലേറെപ്പേര്‍ ഉംറ നിര്‍വഹിക്കാന്‍ ഇക്കുറി എത്തിയെന്നാണു കണക്ക്. പാകിസ്താനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകരെത്തിയത്, 17 ലക്ഷം പേര്‍.

സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള 60,000 പേരടക്കം രണ്ടുലക്ഷം ഇന്ത്യക്കാര്‍ക്ക് ഇത്തവണ സഊദി ഭരണകൂടം ഹജ്ജ് അനുമതി നല്‍കിയിട്ടുണ്ട്. പുരുഷന്മാരുടെ അകമ്പടിയില്ലാതെ 2340 വനിതകള്‍ക്ക് ഇത്തവണ അവസരമുണ്ട്. ഇന്ത്യയില്‍ 21 വിമാനത്താവളങ്ങളില്‍ നിന്നായി അഞ്ഞൂറോളം സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ലക്ഷദ്വീപില്‍ നിന്നുള്ളവരടക്കം 13,472 പേര്‍ ഇത്തവണയുണ്ടാകും.

നാലുവര്‍ഷത്തിനു ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു തീര്‍ഥാടകരെ കൊണ്ടുപോകുന്നുണ്ട്. അതിനായി ഒരേസമയം മൂന്നു വലിയ വിമാനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യമൊരുക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും സാധനങ്ങള്‍ കൊണ്ടുപോകാനുള്ള പരിധി 54 കിലോഗ്രാമായി ഉയര്‍ത്തിയത് തീര്‍ഥാടകര്‍ക്ക് ആശ്വാസമാണ്. എമിഗ്രേഷന്‍ നടപടികള്‍ നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കാനുതകുന്ന മക്കാറൂട്ട് പദ്ധതി, അടുത്തവര്‍ഷം നടപ്പാകുമെന്നു പ്രതീക്ഷിക്കുന്നു.
ഉംറ തീര്‍ഥാടകരുടെ തിരക്ക് അവസാനിക്കുന്നതോടെ മക്കാ ഹറംപള്ളിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ പത്തുദിവസം കൊണ്ടു തീര്‍ക്കാന്‍ ഹജ്ജ് മന്ത്രാലയം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ആരോഗ്യപാലനത്തിനുള്ള സൗകര്യങ്ങള്‍ ഇരട്ടിപ്പിക്കുന്നതാണെന്നു ചുമതലക്കാരനായ ഡോ. മുവഫിഖ് മുഹമ്മദ് അബ്ദു താലിബ് പറഞ്ഞു.

കേരള ഹജ്ജ് മിഷന്‍ മക്കയിലും മദീനയിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ കൂടുതല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ജിദ്ദയില്‍ ചെയര്‍മാന്‍ വി.പി മുഹമ്മദലി നേതൃത്വം നല്‍കുന്ന ആശുപത്രിയില്‍ കാത്‌ലാബിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുകയുണ്ടായി. പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികര്‍മങ്ങള്‍ക്കായി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക്, ഡോക്ടര്‍മാരുള്‍പ്പെട്ട വന്‍സന്നാഹം ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ മിക്കവരും ജിദ്ദയില്‍ വിമാനമിറങ്ങിയാണു മക്കയിലേയ്ക്കു പോകുക. നൂറോളം പ്രവേശനകവാടങ്ങളുള്ള ഹറം ശരീഫ് അവിടെ അവരെ കാത്തിരിക്കുന്നു. നേരത്തേ വരുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ മദീനയിലാണ് ഇറങ്ങുക. അവിടെ മസ്ജിദുന്നബവിയില്‍ 41 പ്രവേശനകവാടമുണ്ട്. പ്രവാചകന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന ഇവിടെ റൗദാ ശരീഫില്‍ സ്ത്രീകള്‍ക്കു കടക്കാനായി പ്രത്യേക വാതില്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കവാടങ്ങള്‍ക്കരികെ ചക്രക്കസേരകള്‍ ലഭിക്കാനുള്ള സംവിധാനമുണ്ട്. പന്ത്രണ്ടു ലക്ഷം പേരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ പാകത്തിലാണു മദീനാപള്ളി വികസിപ്പിച്ചിരിക്കുന്നത്.

ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന 25 ലക്ഷം പേരും ഒന്നിച്ചു ഒരേസമയം അണിനിരക്കുന്ന അറഫാമൈതാനിയില്‍ തമ്പുകളുടെ നിര്‍മാണം തകൃതിയായി നടക്കുന്നു. ഇത്തവണ ഇതാദ്യമായി ബഹുനില തമ്പുകളെന്ന സംവിധാനവും ഏര്‍പ്പെടുത്തുന്നു. തമ്പ് നഗരമായ മിനായില്‍ അഗ്നിശമന സംവിധാനത്തോടെയുള്ള ഹെലികോപ്റ്റര്‍ സംരംഭം 24 മണിക്കൂറും ലഭ്യമായിരിക്കും.
1982ല്‍ യമനില്‍ ആരംഭിച്ച യുദ്ധത്തിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും സുരക്ഷാകാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നു സഊദി അധികൃതര്‍ വെളിപ്പെടുത്തി.
റോക്കറ്റുകളും ഡ്രോണ്‍ വിമാനങ്ങളുമായി ഇറാന്റെ പിന്‍ബലത്തോടെ ഹൂതികള്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ കടന്നാക്രമണം നടത്തുന്നുണ്ടെങ്കിലും സഊദി സേന ഫലപ്രദമായി അവ ചെറുത്തു തോല്‍പ്പിച്ചു.
യുദ്ധവും പെട്രോളിന്റെ വിലക്കുറവും നാട്ടിന്റെ സാമ്പത്തികഭദ്രതയെ ഏറെ ബാധിച്ചിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറെ സ്തംഭിച്ചുനില്‍ക്കുകയുണ്ടായി. നാട്ടിലെ തൊഴിലില്ലായ്മ രൂക്ഷമായതോടെ നിതാഖത്ത് എന്ന പേരില്‍ സ്വദേശിവല്‍ക്കരണം വ്യാപകമായി നടക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലേയ്ക്കും തുണിക്കടകളിലേയ്ക്കും എല്ലാം ഇതു വ്യാപകമാക്കിയതോടെ, തൊഴില്‍ നഷ്ടപ്പെട്ട വിദേശീയരുടെ എണ്ണം പറഞ്ഞറിയിക്കാന്‍ വയ്യ.
ഒരു വര്‍ഷത്തിനകം സ്വന്തം നാടുകളിലേയ്ക്കു മടങ്ങിപ്പോയ എന്‍ജിനീയര്‍മാരുടെ എണ്ണം ഒരു ലക്ഷത്തിലേറെ ആണെന്നാണു കണക്കുകള്‍ പറയുന്നത്. ഇതിനുപുറമെ ഒന്നരവര്‍ഷത്തിനകം അനധികൃതതാമസക്കാരായി 34 ലക്ഷം പേരെ കണ്ടെത്തുകയും എട്ടരലക്ഷം പേരെ നാടുകടത്തുകയും ചെയ്തു. ഓട്ടോ ഗറാഷ്, വസ്ത്രാലയങ്ങള്‍, ഇലക്ട്രോണിക് ഷോപ്പ് തുടങ്ങിയ പന്ത്രണ്ടു മേഖലകളിലായി രണ്ടരലക്ഷം വിദേശികള്‍ക്കു മൂന്നുമാസത്തിനകം തൊഴില്‍ നഷ്ടപ്പെട്ടത്രേ.
നേരത്തേ, വിദ്യാഭ്യാസരംഗത്തു ശ്രദ്ധചെലുത്താതിരുന്ന സഊദി ജനതയിലെ പുതിയതലമുറ സാങ്കേതികവിദ്യാഭ്യാസ രംഗത്തും മികവു നേടി തിരിച്ചെത്തിയതോടെ അവരില്‍ മിക്കവര്‍ക്കും തൊഴില്‍സംരക്ഷണം നല്‍കാനാണു സഊദി ഭരണകൂടം ശ്രമിക്കുന്നത്. സ്വകാര്യപിന്തുണയോടെ 100 സാങ്കേതികസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സഊദി ഭരണകൂടം തിരുമാനിച്ചു. റിയാദ് വിമാനത്താവളത്തിനരികെ വിശാലമായ കാംപസൊരുക്കി വിദ്യാര്‍ഥിനികള്‍ക്കു മാത്രമായി അല്‍നൂരിയ്യ യൂണിവേഴ്‌സിറ്റിയും ആരംഭിക്കുകയുണ്ടായി.
എട്ടുലക്ഷം സഊദി വനിതകള്‍ ഇന്നു നാട്ടില്‍ ജോലി ചെയ്യുന്നതായി ഭരണകൂടം വെളിപ്പെടുത്തി. ഇതിന് ആക്കം നല്‍കുംവിധം അമേരിക്കയിലെ സഊദി അംബാസഡറായി ഒരു രാജകുമാരിയെത്തന്നെ നിയമിച്ചു. ഭരണസിരാകേന്ദ്രമായ ശൂറാ കൗണ്‍സിലില്‍ അംഗത്വം നല്‍കിയതു മുതല്‍ കാറോടിക്കാനുള്ള ലൈസന്‍സ് വരെ നല്‍കിക്കൊണ്ടു വനിതാ മുന്നേറ്റത്തിനു ഭരണകൂടം കളമൊരുക്കിയിരിക്കുന്നു.
മുന്‍ രാജാവായ പിതാവിന്റെ മരണത്തെ തുടര്‍ന്നു മകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നാലുവര്‍ഷം മുമ്പാണ് അധികാരമേറ്റത്. എന്നാല്‍, 83 വയസ്സായ പിതാവ് ഭരണകാര്യങ്ങള്‍ പൊതുവെ, പുതിയ കിരീടാവകാശിയായ 33 വയസ്സായ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
മകന്‍ നേതൃത്വം നല്‍കിയ സമഗ്രവികസന പദ്ധതികള്‍ സഊദി അറേബ്യയുടെ സാമ്പത്തികസ്ഥിരതയ്ക്ക് ആക്കംകൂട്ടിയതായി വാര്‍ത്തകളുണ്ട്്. ലോകത്തിലെ ഏറ്റവും വലിയ എണ്ണയുല്‍പ്പാദന കേന്ദ്രങ്ങളിലൊന്നായ സഊദിയുടെ വളര്‍ച്ചയില്‍ ജി-20 രാജ്യങ്ങള്‍ക്കു പ്രിയമേറിയിട്ടുണ്ട്. അടുത്ത നവംബറില്‍ നടക്കാറുള്ള പതിനഞ്ചാം ഉച്ചകോടി സഊദി തലസ്ഥാനമായ റിയാദില്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
39 മുസ്‌ലിംരാഷ്ട്രങ്ങളെ ഒപ്പം കൂട്ടി ഇസ്‌ലാമിക സഖ്യസേനയുണ്ടാക്കാന്‍ മുഹമ്മദ് സല്‍മാനു സാധിച്ചെങ്കിലും അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ ചിലത് എടുത്തുചാട്ടമാണെന്നു രഹസ്യമായെങ്കിലും വിമര്‍ശിക്കുന്നവരുണ്ട്.
ഇറാന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ യമന്‍ താവളമായി പ്രവര്‍ത്തിക്കുന്ന ഹൂതികളെ അടിച്ചമര്‍ത്തല്‍ സഊദി അറേബ്യ യുദ്ധം പ്രഖ്യാപിച്ചതാണ് ഇതിലൊന്നായി പറയുന്നത്. ഒരാഴ്ചകൊണ്ട് അവസാനിക്കുമെന്നു കരുതിയ യുദ്ധം നാലുവര്‍ഷത്തിലെത്തിയിരിക്കുന്നു. ഹൂതികള്‍ക്കും അറബികള്‍ക്കും കടുത്ത ആള്‍നാശവും ധനനഷ്ടവുമുണ്ടായി. ഇത്തവണ ഹജ്ജ് ആഴ്ചകള്‍ മാത്രം അടുത്തുനില്‍ക്കേ, അതിര്‍ത്തികളില്‍ ഡ്രോണുകളും റോക്കറ്റുകളുമായി ഹൂതികള്‍ ആക്രമണം നടത്തുന്നുണ്ട്.
പാട്ടുകച്ചേരികള്‍ നടത്താനും 35 വര്‍ഷങ്ങള്‍ക്കുശേഷം സിനിമാഹാളുകള്‍ തുറക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാണു കാരണക്കാരനായതെന്നു പരക്കെ അഭിപ്രായമുണ്ട്. അതിനിടയില്‍ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി തുര്‍ക്കി എംബസിയില്‍ വിവാഹസര്‍ട്ടിഫിക്കറ്റിനു ചെന്നയവസരത്തില്‍ അവിടെതന്നെ കൊല്ലപ്പെട്ടതിനു പിന്നിലും ഈ പുത്രന്റെ നേര്‍ക്ക് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

അധികാരകൈമാറ്റത്തോടെ ശിക്ഷാവിധികള്‍ റദ്ദാക്കിയതും ജയിലുകളെല്ലാം തുറന്നിട്ടതും നാട്ടുകാരില്‍ ഭീതിയുളവാക്കിയിട്ടുണ്ട്. ക്രിമിനലുകള്‍ പലരും രാപ്പകല്‍ ഭേദമില്ലാതെ പാസ്‌പോര്‍ട്ടുകളും എ.ടി.എം കാര്‍ഡുകളും തട്ടിപ്പറിച്ചു രക്ഷപ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. മയക്കുമരുന്ന കടത്തുമായി ബന്ധപ്പെട്ട് 50 പേര്‍ അതിര്‍ത്തിയില്‍ അറസ്റ്റിലായി.

മലയാളികളും കൊള്ളയ്ക്കും കവര്‍ച്ചയ്ക്കും ഇരയായി. പെരുന്നാളിനു നാട്ടിലേയ്ക്ക് അയക്കാനുള്ള പണവുമായി ബാങ്കിലേയ്ക്കു പോവുകയായിരുന്ന കണ്ണൂരുകാരനായ പൂക്കോയ തങ്ങള്‍ക്ക് 11,000 റിയാലാണ് നഷ്ടപ്പെട്ടത്. റിയാദിലെ ബത്തയില്‍ മലപ്പുറം മേല്‍മുറി സ്വദേശിയായ യൂസുഫ് സഖാഫിക്കു ഫോണടക്കമുള്ള സഞ്ചി നഷ്ടപ്പെട്ടു. കത്തിക്കുത്തേറ്റ് തലയ്ക്കു സാരമായ പരുക്കേല്‍ക്കുകയും ചെയ്തു. മത്സ്യക്കച്ചവടക്കാരനായ തിരൂരുകാരന്‍ ബാവ ആക്രമിക്കപ്പെട്ടതു നട്ടുച്ചയ്ക്കാണ്.
രണ്ടുവര്‍ഷം മുമ്പു നക്ഷത്രഹോട്ടലുകളില്‍ സംശയകരമായ നിലയില്‍ കണ്ടെത്തിയ പതിനൊന്നു രാജകുടുംബാംഗങ്ങളടക്കം 38 പേരെ അറസ്റ്റ് ചെയ്യാന്‍ മടികാണിക്കാത്ത ഭരണകൂടത്തിന്, പക്ഷേ, നടുറോഡിലെ ഈ ആക്രമണവും പിടിച്ചുപറിയും ഫലപ്രദമായി തടയാനാകുന്നില്ല. പാസ്‌പോര്‍ട്ടോ ഇക്കാമയോ ഇല്ലാതെ പുറത്തിറങ്ങാനാകില്ല. ഇറങ്ങിയാല്‍ അറസ്റ്റിലാകും.

റോഡില്‍ക്കണ്ട മൊബൈല്‍ ഫോണ്‍ എടുത്തുനോക്കിയതിന് ആറുമാസം ജയിലില്‍ കിടക്കേണ്ടിവന്ന കോഴിക്കോട്ടുകാരന്റെ കഥ കൂടി കേള്‍ക്കുക. താമസസ്ഥലത്ത് പാസ്‌പോര്‍ട്ട് വച്ചു പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പതിനാലാം വയസ്സില്‍ സൈക്കിള്‍ പ്രതിഷേധറാലിയില്‍ പങ്കെടുത്ത അറബി ബാലന്, പ്രായം തികഞ്ഞതോടെ വധശിക്ഷ കാത്തുകിടക്കേണ്ടിവരുന്നതും, സഊദി ഭരണകൂടത്തിനു ചീത്തപ്പേരുണ്ടാക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News