2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

എന്റെ തുനീഷ്യയെന്നാല്‍ ഫുട്‌ബോള്‍

ടുനീഷ്യന്‍ മണ്ണില്‍ നിന്നും ചിറകുമുളച്ച് ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്താന്‍ വെമ്പല്‍ കൊള്ളുന്ന ഖലീലി മില്ലത്തി എന്ന ചെറുപ്പക്കാരന്റെ സ്വപ്‌നങ്ങളും കുടുംബത്തിന്റെ പ്രതീക്ഷകളും….  

 

                                                                                                                                                                                                                                                                  കടപ്പാട്: അല്‍ജസീറ

‘ഫുട്‌ബോള്‍ എന്നത് എന്റെയുള്ളിലെ വികാരമായിരുന്നു. ചെറുപ്പം തൊട്ടേ എനിക്ക് ഫുട്‌ബോളിനോട് ഭ്രാന്തായിരുന്നു. എന്റെ ജീവിതം മുഴുവന്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്’ ടുനീഷ്യയിലെ എസ്പറന്‍സ് അണ്ടര്‍ 16 ടീമംഗമായ ഖലീലി മില്ലിത്തി ഇങ്ങനെ പറയുമ്പോള്‍ അവന്റെ കണ്ണുകളിലെ തിളക്കം നമുക്ക് കാണാനാകും.

2010ലാണ് അറബ് വസന്തത്തിന്റെ കാറ്റ് തുനീഷ്യയില്‍ അലയടിച്ചത്. രാജ്യത്തിലെ സ്വാഛാധിപത്യ ഭരണകൂടത്തിനെതിരേ തുനീഷ്യന്‍ ജനത തെരുവിലിറങ്ങിയ വര്‍ഷം.

ഭരണകൂടത്തിന്റെ അഴിമതിക്കെതിരേയും പാവപ്പെട്ടവന് ജീവിക്കാനുള്ള അവകാശം തേടിയുമാണ് തുനീഷ്യന്‍ ജനത അന്ന് പ്രക്ഷോഭമാരംഭിച്ചത്.

അറബ് വസന്തത്തിന്റെ ശക്തമായ അലയൊലികള്‍ക്കവസാനം ദീര്‍ഘകാലം തുനീഷ്യന്‍ ഭരണം കൈയാളിയിരുന്ന ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ താഴെയിറക്കി ജനകീയ സര്‍ക്കാര്‍ അധികാരത്തിലേറി.

ആഭ്യന്തര സംഘര്‍ഷാനന്തര ടുനീഷ്യയില്‍ നിന്ന് പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും പങ്കുവയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 1919ല്‍ ടുനീഷ്യയില്‍ രൂപീകരിച്ച എസ്പറന്‍സ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഖലീല്‍. 27 തവണ തുനീഷ്യന്‍ ലീഗിലെ ചാംപ്യന്മാരാണ് എസ്പറന്‍സ്. ഖലീലും സഹോദരനും ഫുട്‌ബോള്‍ താരങ്ങളാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് മറ്റാരുമായിരുന്നില്ല. അവരുടെ മാതാപിതാക്കളായ മോസയും ഐദയുമായിരുന്നു.

എന്റെ കുടുംബവും ഫുട്‌ബോളിനെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരായിരുന്നു. അതിനാല്‍ തന്നെ അതിനെ പിന്തുട
രുക എന്നതല്ലാതെ എനിക്കു മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. ഖലീലിന് ഫുട്‌ബോളില്‍ പരിശീലനം നേടാനും ക്ലബ്ബില്‍ കളിക്കാനുമെല്ലാമുള്ള സൗകര്യം കണക്കാക്കി തങ്ങളെല്ലാം മധ്യ തുനീഷ്യയിലേക്ക് താമസം മാറ്റി. ഐദ പറയുന്നു.

തങ്ങളുടെ പ്രിയപ്പെട്ട വീട് ഉപേക്ഷിക്കുന്നതില്‍ തങ്ങള്‍ക്ക് സങ്കടമുണ്ടായിരുന്നു. എന്നാല്‍ മക്കളുടെ സ്വപ്‌നങ്ങള്‍ക്ക് അവ തടസ്സമാകരുതെന്നതിനാല്‍ ഞങ്ങള്‍ വീടുപേക്ഷിച്ചു. കാറോ,വീടോ,പണമോ അല്ല ആദ്യം വേണ്ടത്. തന്റെ കുട്ടികള്‍ക്ക് വളരാനുള്ള അവസരമാണ്. അവരുടെ ഇടം അവര്‍ തന്നെ കണ്ടെത്തിയാല്‍ ബാക്കിയെല്ലാം വഴിയെ വരും. ആനന്ദക്കണ്ണീരോടെ ഐദ പറയുന്നു.

പ്രക്ഷോഭാനന്തരമാണ് തുനീഷ്യന്‍ ജനതയുടെ ഫുട്‌ബോള്‍ പ്രേമം വളര്‍ന്നു പടരാന്‍ തുടങ്ങിയത്. പ്രക്ഷോഭത്തിന് ശേഷം തുനീഷ്യക്കാര്‍ രാഷ്ട്രീയത്തിന് അമിത പ്രാധാന്യം നല്‍കാതെ സാംസ്‌കാരിക പ്രവൃത്തികളിലേക്ക് നീങ്ങാന്‍ തുടങ്ങി.
അറബ് വസന്തത്തിനു ശേഷം രാജ്യത്തെ സാമ്പത്തിക-സാമൂഹ്യ രംഗങ്ങളെല്ലാം തകര്‍ന്നു കിടക്കുകയായിരുന്നു. ഫുട്‌ബോള്‍ പോലുള്ള കായിക വിനോദങ്ങളിലൂടെയാണ് തങ്ങള്‍ അതില്‍ നിന്നെല്ലാം മോചനം നേടിയതെന്ന് ഖലീലിന്റെ പിതാവ് മോസ് പറയുന്നു. സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുന്ന മോസ് കാലിനു പരുക്ക് പറ്റുന്നതു വരെ ഫുട്‌ബോള്‍ തന്നെയായിരുന്നു ജീവിതം.

തങ്ങളുടെ മക്കള്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരായി മാറുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ഒരുപാട് ത്യാഗം സഹിച്ചവരാണ് മോസയും ഐദയും. ഫുട്‌ബോള്‍ കിക്ക് എടുക്കുന്നതു പോലെയല്ല ജീവിതമെന്നും സ്‌കൂള്‍ പഠനത്തോടൊപ്പം ഫുട്‌ബോള്‍ പരിശീലനവും ഒരു പോലെ കൊണ്ടുപോകുക എന്നത് പ്രയാസമുള്ള കാര്യമാണെന്നും കുടുംബത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.

‘ഞാന്‍ ഫുട്‌ബോളിനേക്കാള്‍ സ്‌കൂളിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, എന്റെ ജീവിതത്തിലേക്ക് നോക്കുകയാണെങ്കില്‍ പഠനത്തേക്കാള്‍ കൂടുതല്‍ ഫുട്‌ബോളിനാണ് പ്രാധാന്യം നല്‍കിയതെന്ന് കാണാനാകും. രാവിലെ മുതല്‍ വൈകീട്ട് വരെ പഠിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇതുമൂലം ജീവിതത്തിലെ പല പ്രധാന പാഠങ്ങളും നാം പഠിക്കാതെ പോതുന്നു’.ഖലീല്‍ പറയുന്നു.

എന്റെ തുനീഷ്യ എന്നാല്‍ ഫുട്‌ബോള്‍ ആണ്. അതാണ് എന്റെ കൂട്ടുകാരനും കുടുംബവും. നിശ്ചയദാര്‍ഢ്യത്തോടെ ഖലീല്‍ പറഞ്ഞു നിര്‍ത്തുന്നു.

 

മൊഴിമാറ്റം: സഹീര്‍ അഹമ്മദ്

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.